Kerala
ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കും; വി സിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍
ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ വി സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനു പിന്നാലെ വി സിമാരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് നീക്കം.

തിരുവനന്തപുരം | രാജിവെക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ച സര്‍വകലാശാല വി സിമാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന മുന്നറിയിപ്പുമായി രാജ്ഭവന്‍. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനും രാജ്ഭവന്‍ ഉദ്ദേശിക്കുന്നു. ഇന്ന് 11.30 ന് മുമ്പായി രാജിവെക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി സിമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
എന്നാല്‍, രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എല്ലാ വി സിമാരുമുള്ളത്. ഇത് മനസിലാക്കിയാണ് രാജ്ഭവന്‍ മുന്നറിയിപ്പ് നല്‍കിയത്. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ വി സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനു പിന്നാലെ വി സിമാരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഗവര്‍ണറുടെ നീക്കം. പകരം ചുമതലക്കാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നാണ് സൂചന.
സര്‍വകലാശാലാ വി സിമാരോട് രാജി ആവശ്യപ്പെടുന്നതിനുള്ള ഗവര്‍ണറുടെ നീക്കം നേരത്തെ തുടങ്ങിയിരുന്നു. സുപ്രീം കോടതി വിധിക്കു മുമ്പു തന്നെ രാജ്ഭവന്‍ വി സിമാര്‍ക്കെതിരായ നീക്കം ആരംഭിച്ചിരുന്നു. രാജി ആവശ്യപ്പെട്ട വി സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക നേരത്തെത്തന്നെ തയാറാക്കിയിരുന്നു. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്ന് പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്.