Kerala
മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വീഴ്ച; ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് കളക്ടര്‍
സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി രണ്ട് വര്‍ഷമാകുമ്പോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റി സ്ഥാപിച്ചിട്ടില്ല.

പത്തനംതിട്ട| പത്തനംതിട്ട മണിയാര്‍ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍. സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി രണ്ട് വര്‍ഷമാകുമ്പോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റി സ്ഥാപിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ ആവശ്യപ്പെട്ടു.
മഴ ശക്തമായി ബാരേജ് നിറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാന്‍ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്റെയും അവസ്ഥ പരിതാപകരമാണ്. വലിയ അപകട ഭീഷണിയാണ് നിലനില്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനമെടുത്തതാണ്. 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആറ് കോടി ചെലവില്‍ കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷട്ടര്‍ ഗേറ്റുകള്‍ മണിയാറില്‍ എത്തിച്ചു എന്നല്ലാതെ മറ്റൊരു പണിയും ഇതുവരെ നടന്നിട്ടില്ല. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.