Connect with us

RAHULGANDHI

ഫൈസലും അസംഖാനും തടഞ്ഞു; വയനാട്ടില്‍ ധൃതിയില്ല

രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ കമ്മിഷന്‍ വിവേചനാധികാരം ഉപയോഗിച്ചു

Published

|

Last Updated

കോഴിക്കോട് |  ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ചതിനു പിന്നാലെ മിന്നല്‍ വേഗത്തില്‍ ലോകസഭാ അംഗത്വം റദ്ദാക്കപ്പെട്ട രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ച വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടത്താനുള്ള നീക്കം തടഞ്ഞത് ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ അനുഭവം.

ധൃതിപ്പെട്ട് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കേണ്ടെന്നും നേതാക്കള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം കൊടുക്കണമെന്നുമുള്ള സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശവും ഇതിനു കാരണമായി. അസംഖാനെ യു പി നിയമസഭ അയോഗ്യനാക്കിയ നടപടിയെ തുടന്നര്‍ന്നുള്ള മിന്നല്‍ വേഗ ഉപതിരഞ്ഞെടുപ്പു നീക്കത്തിനും അടുത്തയിടെ തിരിച്ചടി നേരിട്ടിരുന്നു.

കോടതി ശിക്ഷിച്ചതിനു പിന്നാലെ ലക്ഷദ്വീപ് എം പിയായിരുന്ന ഫൈസലിനെ ലോകസഭാ സെക്രട്ടറിയറ്റ് അയോഗ്യനാക്കുകയും അതിവേഗം തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടി വിധി സ്‌റ്റേ ചെയതതോടെ തിരഞ്ഞെടുപ്പു കമ്മീഷനു വിജ്ഞാപനം പിന്‍വലിക്കേണ്ടിവന്നു. എന്നിട്ടും മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം പുനസ്ഥാപിച്ചു നല്‍കാന്‍ ലോകസഭാ സെക്രട്ടറിയറ്റ് തയ്യാറായില്ല. ഇതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രിം കോടതിയെ സമീപിച്ചു. സുപ്രിം കോടതി കേസ് പരിഗണിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ലോക സഭാ സെക്രട്ടറിയറ്റ് മുഹമ്മദ് ഫൈസലിന്റെ ലോകസഭാ അംഗത്വം പുനസ്ഥാപിച്ചതായി വിജ്ഞാപനമിറക്കി. കര്‍ണാടക നിയമ സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമ്പായിരുന്നു ഈ പ്രഖ്യാപനം എന്നതും കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനെ ജാഗ്രതപ്പെടുത്തി എന്നാണുകരുതുന്നത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ലക്ഷദ്വീപ് എം പിയുടെ കാര്യത്തില്‍ മിന്നല്‍ വേഗ നടപടികള്‍ക്ക് ഒന്നൊന്നായി തിരിച്ചടികള്‍ നേരിട്ടത്. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ചു ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍ സി പി എം പിയുടെ തടസ്സം നീക്കുക എന്ന ലക്ഷ്യം ധ്രുതഗതിയിലുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ ഉണ്ടായിരുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെ അതിവേഗം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം തുടങ്ങിയിരുന്നു. 1951-ലെ ജനപ്രതിനിധി നിയമത്തിന്റെ 151-എ വകുപ്പുപ്രകാരം മണ്ഡലത്തില്‍ ഒഴിവുവന്നാല്‍ ആറുമാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ബുധനാഴ്ച കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞടുപ്പു പ്രഖ്യാപിക്കണമോ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുവരെ കാത്തിരിക്കണമോ എന്ന ചോദ്യം കമ്മിഷനു മുന്നില്‍ ഉണ്ടായിരുന്നു.

അംഗത്വ കാലാവധി ഒരുവര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിലവിലെ ലോക്സഭ കാലാവധി 2024 ജൂണ്‍ 16 വരെയുള്ളതിനാല്‍ ഒരുവര്‍ഷത്തിലേറെ സമയമുണ്ടെന്നു ചൂണ്ടിക്കാണ്ടി അതിവേഗം തിരഞ്ഞെടുപ്പിലേക്കു നീങ്ങാനായിരുന്നു അലോചന. വയനാടിന് ദീര്‍ഘകാലം പ്രതിനിധിയെ നിഷേധിക്കാനാകില്ലെന്ന ന്യായം ഇതിനായി കമ്മിഷന്‍ മുന്നോട്ടു വയ്ക്കുമെന്നാണു കരുതിയത്.

ലക്ഷദ്വീപ് എം പിയുടെ അനുഭവം മുന്നിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിനുമുമ്പ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നടപടികളെ കമ്മിഷന്‍ നിരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നു കമ്മിഷന്റെ വിവേചനാധികാരം ഉപയോഗിച്ച് ഉപതിരഞ്ഞെടുപ്പ് ധ്രുതഗതിയില്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

രാംപുര്‍ എം എല്‍ എ ആയിരുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെ യു പി നിയമസഭ അയോഗ്യനാക്കി നാലുദിവസം കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. അതിനെതിരേ അസംഖാന്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, അപ്പീലില്‍ വിധി വന്നശേഷമേ ഉപതിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് ഖാന്റെ അപ്പീല്‍ കോടതി തള്ളിയശേഷമാണ് രാംപുരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. ഈ അനുഭവവും തിരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ണു തുറപ്പിച്ചു എന്നാണു കരുതുന്നത്.

ലക്ഷദ്വീപിലെ എം പി മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചതിന്റെ നാലാംദിവസം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ്, പിന്നീട് കേരള ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ പിന്‍വലിച്ച നടപടി രാഹുലിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കണമോ എന്ന ചോദ്യമായിരുന്നു കമ്മിഷന്റെ മുമ്പിലുണ്ടായിരുന്നത്.

 

Latest