ആത്മീയം
വാഗ്ദാനങ്ങളിലെ വിശ്വസ്തത
കരാര്‍ ലംഘിക്കുന്നവരുടെ പരാജയവും അവര്‍ക്കുള്ള ശിക്ഷയും അറിയിക്കുന്ന വചനങ്ങളും ധാരാളമുണ്ട്. അല്ലാഹു പറഞ്ഞു: "അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേൽപ്പിന്റെ നാളില്‍ അവരോട് അല്ലാഹു സംസാരിക്കുകയോ അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടാവുന്നതാണ്'.
മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ വിവിധ തരത്തിലുള്ള വാഗ്ദാനങ്ങൾ നടത്താറുണ്ട്. ഭർത്താവ് ഭാര്യയോടും തിരിച്ചും മക്കളോടും ശിഷ്യന്മാരോടും കുടുംബത്തിലുള്ളവരോടും സഹപ്രവർത്തകരോടുമെല്ലാം പലതിനും വാക്കുകൊടുക്കുകയും സമയം നിശ്ചയിക്കുകയും വാഗ്ദാനം നൽകുകയും ചെയ്യാറുണ്ട്. എന്നാൽ വാക്ക് പാലിക്കുന്നതിലും സമയനിഷ്ഠ പുലർത്തുന്നതിലും കർത്തവ്യങ്ങൾ നിറവേറ്റുന്നതിലും വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതിലും വലിയ വീഴ്ചകൾ വരുത്തുന്നു. വളരെ ലാഘവത്തോടെയാണ് പലരും ഇതിനെ കാണുന്നത്. അങ്ങനെയുള്ളവരെ “വാക്കു പാലിക്കാത്തവൻ’ എന്ന് മുദ്രകുത്തപ്പെടുകയും പുഛത്തോടെയും വെറുപ്പോടെയും കാണുകയും ചെയ്യുന്നു.
വാഗ്ദാനങ്ങൾക്ക് നന്നേ വില കൽപ്പിക്കാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. വാക്കൊന്ന്, പ്രവൃത്തി മറ്റൊന്ന് എന്ന ശൈലിയാണ് പലരിലും കണ്ടുവരുന്നത്. പല തരത്തിലുള്ള ആശകൾ നൽകി നിരാശപ്പെടുത്തുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന് ഒടുവിൽ നിരാശനാകുന്നു! സമയ നിഷ്ഠ പാലിക്കുന്നതിലും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടുന്നതിലുമെല്ലാം നന്നായി ശ്രദ്ധിക്കണം. കാരണം, വ്യക്തിജീവിതം ധന്യമാക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുന്നതിനും പരസ്പര വിശ്വാസം നിലനിർത്തുന്നതിനും വാഗ്ദാന പാലനത്തിന് വലിയ പങ്കുണ്ട്.
ചെറുതും വലുതുമായ കാര്യങ്ങളിൽ നിത്യേന നാം ചെയ്യുന്ന വാഗ്ദാനങ്ങൾ എത്ര ത്യാഗം സഹിച്ചാലും എന്തു വിലകൊടുത്താലും നിറവേറ്റാൻ ശ്രദ്ധിക്കണം. കാരണം വാഗ്ദത്ത ലംഘനം തിന്മയിലേക്കും ആക്രമണങ്ങളിലേക്കും അരാചകത്വത്തിലേക്കും നയിക്കും. “നിറവേറ്റാത്ത വാഗ്ദത്തം അകാരണമായ ശത്രുതയാണ്’ എന്നാണ് ആപ്തവാക്യം.
കരാറുകള്‍ പൂർത്തിയാക്കലും വാക്കുകള്‍ നിറവേറ്റലും ഉടമ്പടികളെ മാനിക്കലുമെല്ലാം വിശ്വാസികൾക്ക് ബാധ്യതയാണ്. കളവും വിശ്വാസ വഞ്ചനയും ചതിയും ഒട്ടും ഭൂഷണവുമല്ല. അവ കപടവിശ്വാസികളുടെയും യഹൂദികളുടെയും സ്വഭാവവുമാണ്.
വാഗ്ദത്വ പാലനത്തിൽ തിരുനബി(സ)യും അനുചരന്മാരും അങ്ങേയറ്റത്തെ മാന്യതയും മാതൃകയുമാണ് കാണിച്ചുതന്നത്. അവിടുന്ന് പറഞ്ഞു: “വിശ്വാസം, വഞ്ചന, കുതന്ത്രം, ചതി എന്നിവ നരകത്തിലാണ്’ (അബൂദാവൂദ്) “വഞ്ചകനും അധർമകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (നിസാഅ്: 107) യഹൂദ കൈസ്തവ സമൂഹങ്ങളുമായി തിരുനബി(സ) ധാരാളം ഉടന്പടി നടത്തിയിരുന്നു. അതെല്ലാം അവരുമായുള്ള സൗഹൃദാന്തരീക്ഷത്തിലുള്ള സഹവർത്തിത്വത്തെയും കൂടി കാണിക്കുന്നു.
ഉടമ്പടികൾ പൂർത്തിയാക്കാൻ വിശുദ്ധ ഖുർആൻ ശക്തമായിത്തന്നെ ഉദ്ബോധിപ്പിക്കുന്നുണ്ട്. “സത്യവിശ്വാസികളേ, നിങ്ങൾ ഉടമ്പടികൾ നിറവേറ്റുക’ (മാഇദ: 1) മറ്റൊരു സൂക്തത്തിൽ കാണാം: “നിങ്ങൾ കരാറുകൾ പൂർത്തിയാക്കി വീട്ടുക, നിശ്ചയം കരാറുകളെ സംബന്ധിച്ച് ചോദിക്കപ്പെടുന്നതാണ്’.(ഇസ്റാഅ്: 34) കരാര്‍ പാലിക്കുന്നവരുടെ മഹത്ത്വവും അവര്‍ക്കുള്ള പ്രതിഫലവും അറിയിക്കുന്ന ധാരാളം വചനങ്ങൾ കാണാവുന്നതാണ്. “തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ ശക്തി അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏർപ്പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്’ (അൽഫത്ഹ്: 10). “വല്ലവനും തന്റെ കരാര്‍ നിറവേറ്റുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മനിഷ്ഠ പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലു ഇംറാൻ: 76).
കരാര്‍ ലംഘിക്കുന്നവരുടെ പരാജയവും അവര്‍ക്കുള്ള ശിക്ഷയും അറിയിക്കുന്ന വചനങ്ങളും ധാരാളമുണ്ട്. അല്ലാഹു പറഞ്ഞു: “അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേൽപ്പിന്റെ നാളില്‍ അവരോട് അല്ലാഹു സംസാരിക്കുകയോ അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടാവുന്നതാണ്’ (ആലു ഇംറാൻ: 77). വാഗ്ദാന ലംഘനം കാപട്യത്തിന്റെ പ്രധാന അടയാളമായിട്ടാണ് പ്രവാചകര്‍(സ) പരിചയപ്പെടുത്തിയത്. അബൂഹുറൈറ(റ)യില്‍നിന്നു നിവേദനം. നബി(സ) പറഞ്ഞു: “കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കും’ (ബുഖാരി)