National
ഗുജറാത്തില്‍ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്റിബയോട്ടിക് മരുന്നുകള്‍ പിടികൂടി
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ്| ഗുജറാത്തില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്റിബയോട്ടിക് മരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകള്‍ ഇവര്‍ ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എഫ്.ഡി.സി.എ) പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ മരുന്നുകള്‍ വിപണിയിലെത്തിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എഫ്.ഡി.സി.എ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് ഗുരുതര രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്ന മരുന്നുകളുടെ വ്യാജമരുന്നുകള്‍ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് പിടികൂടിയത്.
ആദ്യം പിടികൂടിയ ആള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മരുന്ന് സംഘത്തിലെ മറ്റ് മൂന്ന് പേരെ കൂടി പിടിച്ചത്. ബില്ലുകള്‍ ഇല്ലാതെ ഇവര്‍ ഡോക്ടര്‍മാക്ക് വ്യാജ മരുന്ന് നല്‍കിയെന്ന് മൊബൈല്‍ ഫോണില്‍ നിന്ന് വിവരം ലഭിച്ചു. പിടികൂടിയവര്‍ ബിനാമി കമ്പനികളുടെ പേരില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവെന്ന നിലയില്‍ ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു. പിടികൂടിയ മരുന്നുകളില്‍ ഹിമാചല്‍ പ്രദേശിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിലാസമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഹിമാചല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരത്തിലൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്.