National
ബെംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യുവതി അറസ്റ്റില്‍
വിമാനത്തില്‍ കയറാന്‍ കഴിയാത്ത ദേഷ്യത്തില്‍ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.
ബെംഗളുരു| ബെംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു ആണ് അറസ്റ്റിലായത്. വിമാനത്തില്‍ കയറാന്‍ കഴിയാത്ത ദേഷ്യത്തില്‍ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ കൊല്‍ക്കത്തക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറാനാണ് മാനസി കെംപഗൗഡെ വിമാനത്താവളത്തിലെത്തുന്നത്. എന്നാല്‍ മാനസി എത്തുമ്പോഴേക്കും ബോര്‍ഡിംഗ് സമയം അവസാനിച്ചതിനാല്‍ അധികൃതര്‍ ഉള്ളിലേക്ക് കടത്തി വിട്ടില്ല. എത്ര പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിക്കാതായപ്പോള്‍ മാനസി ഒച്ച വെക്കുകയും ഗെയ്റ്റിനടുത്തേക്ക് നീങ്ങി യാത്രക്കാരോട് വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന് വിളിച്ചു പറയുകയും ചെയ്തു.
യുവതിയെ തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സന്ദീപ് സിങ്ങിനെ അസഭ്യം പറയുകയും കോളറില്‍ പിടിച്ചു വലിക്കുകയും ചെയ്തതായാണ് വിവരം. ഇദ്ദേഹം നല്‍കിയ പരാതിയില്‍ പൊലീസ് ഉടന്‍ തന്നെ മാനസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകള്‍ പ്രകാരമാണ് മാനസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.