arrest in fake bomb threat
വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ ഐ ബി ഉദ്യോഗസ്ഥന്‍
ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
റായ്പൂര്‍ | ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ .നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് നവംബര്‍ 14ന് വ്യാജ ഭീഷണി അയച്ച കേസിലാണ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനായ അനിമേഷ് മണ്ഡല്‍ (44) അറസ്റ്റിലായത്. റായ്പൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്
എന്നാല്‍, ഇയാള്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് മണ്ഡലിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി രംഗത്തെത്തി. ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മണ്ഡല്‍ പറയുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി പരിശോധനകള്‍ നടത്തിയെങ്കിലും വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. 187 യാത്രക്കാരും ആറ് ജീവനക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. മണ്ഡലും ഇതേ വിമാനത്തില്‍ യാത്ര ചെയ്യ്തിരുന്നു.