National
ഡല്‍ഹിയിലെയും തെലങ്കാനയിലെയും സി ആര്‍ പി എഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി
ഇ മെയില്‍ വഴി ഇന്നലെ രാത്രിയാണ് സന്ദേശം അയച്ചത്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ രോഹിണിയിലെ സി ആര്‍ പി എഫ് സ്‌കൂളില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ രാജ്യത്തെ മറ്റ് ചില സി ആര്‍ പി എഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയില്‍ വഴി ഇന്നലെ രാത്രിയാണ് സന്ദേശം അയച്ചത്.
ഡല്‍ഹിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സി ആര്‍ പി എഫ് സ്‌കൂളുകള്‍ക്കാണ് സന്ദേശം എത്തിയത്. ക്ലാസ്സ് മുറികളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകള്‍ തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാവിലെയാണ് രോഹിണിയിലെ സി ആര്‍ പി എഫ് സ്‌കൂളില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് സ്ഥലത്തെത്തിയതായി സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടെത്തിയ വെള്ള ടീഷര്‍ട്ട് ധരിച്ച ഒരാളുള്‍പ്പടെ നാല് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ക്കു പിന്നാലെയാണ് സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം എത്തിയത്.