Connect with us

National

ഇന്ന് ഒൻപത് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; മുംബൈ - ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നാല് ദിവസത്തിനിടെ ബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു.

Published

|

Last Updated

ന്യൂഡൽഹി | വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ‘സ്ക്വാക്കിംഗ് 7700 ‘ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന അടിയന്തരാവസ്ഥ വിമാനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, വിമാനം സുരക്ഷിതമായി ഹീത്രൂ എയർപ്പോർട്ടിൽ ഇറങ്ങി.

ഇന്ന് ഇതുൾപ്പെടെ ഒൻപത് വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്കും രണ്ട് വിസ്താര വിമാനങ്ങൾക്കും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കുമാണ് ഭീഷണി ഉണ്ടായത്. നാല് ദിവസത്തിനിടെ ബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു.

വിമാനത്തിലെ സ്ഥിതി എയർട്രാഫിക് കൺട്രോളിനെ അറിയിക്കാൻ പൈലറ്റുമാർ ഉപയോഗിക്കുന്ന കോഡാണ് ‘സ്ക്വാക്കിംഗ് 7700’. വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ട് എന്നാണ് ഇത്കൊണ്ട് അർഥമാക്കുന്നത്. ഇന്ന് രാവിലെ 7.05ന് മുംബൈയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 777 വിമാനം ഇംഗ്ലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് സർവീസ് നടത്തുന്ന വിവിധ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുകയാണ്. പ്രതിസന്ധി നേരിടാൻ കേന്ദ്രവും സിവിൽ വ്യോമയാന അധികാരികളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യട്ടു.

ഈ വിഷയത്തിൽ ഇന്നലെ പാർലമെൻ്റിൻ്റെ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. നേരത്തെ സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു സിവിൽ ഏവിയേഷൻ മന്ത്രാലയവുമായും ഡിജിസിഎ അധികൃതരുമായും ചർച്ച നടത്തിയിരുന്നു.

Latest