National
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി: ഡൽഹിയിൽ തൊഴിൽ രഹിതനായ 25കാരൻ പിടിയിൽ
വിമാനക്കമ്പനികൾക്ക് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്
ന്യൂഡൽഹി | വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹിയിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 25കാരനാണ് പിടിയിലായത്. വിമാനക്കമ്പനികൾക്ക് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. കഴിഞ്ഞയാഴ്ച മുംബൈ പോലീസ് 17 കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒക്‌ടോബർ 14 മുതൽ 275-ലധികം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും ഇടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് രണ്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗർ ഏരിയയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയുടേതാണ് അക്കൗണ്ട് എന്ന് പോലീസ് കണ്ടെത്തി. ഉപാധ്യായയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടെലിവിഷനിൽ ഭീഷണി കോളുകളുടെ റിപ്പോർട്ടുകൾ കണ്ടതിനെ തുടർന്ന് തന്നിലേക്ക് ശ്രദ്ധ ആകർഷിക്കാനാണ് ഭീഷണി മുഴക്കിയതെന്ന് പിടിയിലായ ഡൽഹി സ്വദേശി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
25 കാരനായ ഉപാധ്യായ തൊഴിൽരഹിതനാണെന്നും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒക്ടോബർ 16 നാണ് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്ന് സ്‌കൂൾ വിദ്യാർഥിയായ 17 കാരനെ മുംബൈ പോലീസ് പിടികൂടിയത്. ഒക്ടോബർ 14 ന് നാല് വിമാനങ്ങൾക്ക് വിദ്യാർഥി ഭീഷണി സന്ദേശം അയച്ചിരുന്നു. പണത്തെച്ചൊല്ലി സുഹൃത്തുമായുണ്ടായ തർക്കത്തിന് ശേഷമാണ് കൗമാരക്കാരൻ എക്സ് അക്കൗണ്ട് ഉണ്ടാക്കി ഭീഷണി സന്ദേശം അയച്ചത്. നാല് ഫ്ലൈറ്റുകളിൽ രണ്ടെണ്ണം ഭീഷണിയെ തുടർന്ന് വൈകിയിരുന്നു.