Connect with us

National

വിമാനങ്ങൾക്ക് വ്യാജബോംബ്‌ ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരുക.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെ ഉണ്ടാവുന്ന വ്യാജബോബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യമാക്കാന്‍ ഒരുങ്ങി കേന്ദ്രം. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരുക.

ബോംബ് ഭീഷണികളെ നേരിടാന്‍ നിയമഭേദഗതികള്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ റാം മോഹന്‍ റായിഡുവാണ് വ്യക്തമാക്കിയത്.

നിലവില്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങള്‍ വേണമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.

വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍നിന്ന് ആജീവനാന്തം വിലക്കുക, കുറ്റവാളികളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതി തുടങ്ങിയ ഭേഗഗതികള്‍ കൊണ്ടുവരാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കൂടാതെ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ സമാന ഭീഷണികൾ നേരിടാൻ സ്വീകരിച്ച മാതൃകകളും പരിശോധിക്കുന്നതായിരിക്കും.