National
48 മണിക്കൂറിനിടെ പത്ത് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; എയർഇന്ത്യ അടക്കം രണ്ട് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തി
ചൊവ്വാഴ്ച മാത്രം ഏഴ് ഇന്ത്യൻ വിമാനങ്ങൾ വ്യാജ ബോംബ് ഭീഷണി നേരിട്ടു
ന്യൂഡൽഹി | വിമാനങ്ങൾക്ക് കൂട്ട ബോംബ് ഭീഷണി. കഴിഞ്ഞ 48 മണിക്കൂറിനിടെ എയർ ഇന്ത്യ ഉൾപ്പെടെ പത്ത് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. ചൊവ്വാഴ്ച മാത്രം ഏഴ് ഇന്ത്യൻ വിമാനങ്ങൾ വ്യാജ ബോംബ് ഭീഷണി നേരിട്ടു. രണ്ട് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്നലെ രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ വിമാനം, ജയ്പൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്, ദമ്മാം-ലഖ്നൗ ഇൻഡിഗോ വിമാനം, ദർഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുരി-ബെംഗളൂരു അകാസ എയർ വിമാനം, അലയൻസ് എയർ അമൃത്സര്-ഡെറാഡൂൺ-ഡൽഹി വിമാനം, മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. ഇതിൽ സഊദി അറേബ്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ജയ്പൂരിൽ അടിയന്തര ലാന്ഡിംഗ് നടത്തി. ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം കാനഡയിലെ ഇക്കാലുയിറ്റ് വിമാനത്താവളത്തിലും അടിയന്തര ലാൻഡിംഗ് നടത്തി.
എക്സ് ഹാൻഡിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനക്കമ്പനികളെയും പോലീസ് ഹാൻഡിലുകളെയും ടാഗ് ചെയ്തായിരുന്നു ഭീഷണി സന്ദേശം. തുടർന്ന് സുരക്ഷാ ഏജൻസികൾ മുൻകരുതൽ പരിശോധന നടത്തി. ഭീഷണികൾ വ്യാജമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.