Editors Pick
വ്യാജ ഇ-കൊമേഴ്സ് സൈറ്റുകൾ വ്യാപകം; പണം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരൽപ്പം ജാഗ്രതയും ശ്രദ്ധയും ഉണ്ടെങ്കിൽ ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ കെണിയിൽ വീഴുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം. ഒരു വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്നറിയുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ സൃഷ്ടിച്ച് ആളുകളെ വ്യാജ ഡിസ്കൗണ്ടുകളിലേക്കും ഡീലുകളിലേക്കും ആകർഷിക്കുന്ന സൈബർ സംഘങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളും നൽകി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങൾ പലയിടത്തും പിടയിലായിട്ടുണ്ട്. ബിഗ് ബസാർ, ഡി-മാർട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിക്കുകയും ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ആറ് പേരെ ഉത്തർപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടയിരുന്നു.
ഒരൽപ്പം ജാഗ്രതയും ശ്രദ്ധയും ഉണ്ടെങ്കിൽ ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ കെണിയിൽ വീഴുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം. ഒരു വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്നറിയുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- തട്ടിപ്പ് സംഘങ്ങൾ പതിവായി യഥാർത്ഥ യുആർഎല്ലിന് സമാനമായ ഒരു യുആർഎൽ ആണ് ഉപയോഗിക്കുക. യഥാർഥ യുആർഎല്ലിൽ ഒരു അക്ഷരം ചേർത്തോ വിട്ടുകളഞ്ഞോ ആയിരിക്കും ഇത്തരം വെബ്സൈറ്റുകൾക്ക് യുആർഎൽ നൽകുക. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനൽ ആണെന്നേ തോന്നുകയുള്ളൂ. യുആർഎല്ലിന് മുകളിൽ കഴ്സർ വെച്ച് വിലാസം ശരിയായത് തന്നെ ആണോ എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
- നിയമാനുസൃതമായ വെബ്സൈറ്റുകളിൽ വരുന്ന ഉള്ളടക്കം സാധാരണയായി നല്ല വ്യാകരണം പാലിക്കുന്നവയും വിരാമചിഹ്നങ്ങൾ എല്ലാം ശരിയായി ഉപയോഗിച്ചിരിക്കുന്നവയും ആകും. വെബ്സൈറ്റിൽ നിങ്ങൾ നിരവധി തെറ്റുകൾ ശ്രദ്ധിച്ചാൽ, അത് വ്യാജമാകാനുള്ള സാധ്യത ഏറെയാണ്.
- ഏതെങ്കിലും രഹസ്യാത്മക വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ അയയ്ക്കുന്നതിന് മുമ്പ്, അഡ്രസ് ബാറിൽ ഒരു പാഡ്ലോക്ക് ചിഹ്നം ഉണ്ടോ എന്ന് നോക്കുക. വെബ്സൈറ്റിന് നിയമാനുസൃതമായ SSL (Secure Sockets Layer) അല്ലെങ്കിൽ TLS (Transport Layer Security) സർട്ടിഫിക്കറ്റ് ഉണ്ടെന്നും നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കുമെന്നും ഈ ഐക്കൺ സൂചിപ്പിക്കുന്നു.
- വെബ്സൈറ്റിൽ ഒരു കോൺടാക്റ്റ് ലിങ്ക് ഉണ്ടോ എന്ന് പരിശോധിക്കുക. അവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ രണ്ട് തവണ പരിശോധിച്ച് ഉറപ്പുവരുത്തണം. കോൺടാക്റ്റ് വിവരങ്ങൾ ശരിയാണോ എന്നറിയാൻ വിളിക്കുകയോ ഇമെയിൽ ചെയ്യുകയോ ചെയ്യാം.
- വെബ്സൈറ്റിന്റെ അവലോകനങ്ങൾ ഓൺലൈനിൽ തിരയുക. ധാരാളം നെഗറ്റീവ് അവലോകനങ്ങൾ ഉണ്ടെങ്കിൽ, വെബ്സൈറ്റ് വ്യാജമാകാൻ സാധ്യതയുണ്ട്.
- വെബ്സൈറ്റിലെ പോപ്പ്-അപ്പുകളിലോ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. അവർ നിങ്ങളെ ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിച്ചേക്കാം. അല്ലെങ്കിൽ നിങ്ങളിൽ നിന്ന് രഹസ്യാത്മക വിവരങ്ങൾ ചോർത്തിയേക്കാം.
- ഒരു വെബ്സൈറ്റ് മറ്റ് പ്രശസ്ത വെബ്സൈറ്റുകളേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, അത് വ്യാജമായിരിക്കാം. സത്യമല്ലെന്ന് തോന്നുന്ന ഇടപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുക.