Connect with us

Kerala

ആര്‍ ബി ഐ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇമെയിൽ: ലക്ഷങ്ങൾ തട്ടിയെടുത്ത് നൈജീരിയക്കാരന്‍

തട്ടിപ്പുവീരൻ പിടിയിലായത് ബെംഗളൂരുവില്‍ നിന്ന്

Published

|

Last Updated

 

കോഴിക്കോട് | ആര്‍ ബി ഐ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇമെയിലുകള്‍ അയച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയെ വഞ്ചിച്ച് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അകുച്ചി ഇഫെനി ഫ്രാങ്ക്ലിനെ കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയുമായി ബന്ധപ്പെട്ട നിരവധി ഫോണ്‍ നമ്പറുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലുമെല്ലാം തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സൈബര്‍ ക്രൈം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ കൈയ്യില്‍ നിന്നും സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.

ഒ എല്‍ എക്സ് വഴി വില്‍പനക്ക് വെച്ച ആപ്പിള്‍ ഐ പാഡ് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരനുമായി ബന്ധപ്പെട്ടത്. പിന്നീട് വിദേശ ബാങ്കിൻ്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രേഖകളും രസീതുകളും മറ്റും നല്‍കി. ആര്‍ ബി ഐ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ- മെയിലുകളും വാട്സ് ആപ്പ് സന്ദേശങ്ങളും അയച്ച് പരാതിക്കാരനെ പ്രതി വിശ്വസിപ്പിച്ചു. തുടര്‍ന്ന്, പ്രോസസിംഗ് ഫീസ്, അക്കൗണ്ട് ആക്റ്റിവേഷന്‍ ഫീസ് തുടങ്ങി പല ആവശ്യങ്ങളുടെ പേരില്‍ പരാതിക്കാരനില്‍ നിന്നും ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഇതേ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്ന നൈജീരിയന്‍ സ്വദേശികളായ ഇമ്മാനുവല്‍ ജെയിംസ് ലെഗ്ബെറ്റി, ഡാനിയല്‍ ഒയെവാലെ ഒലായിങ്ക എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസ് ഫ്രാന്‍ക്ലിനിലേക്ക് എത്തിയത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത്, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മായ ജിതേഷ്, രാജേഷ് , ഫെബിന്‍, സിവില്‍ പൊലീസ് ഓഫീസറായ അര്‍ജുന്‍, സിവില്‍ പോലീസ് ഓഫീസര്‍ (ഡ്രൈവര്‍) സനോജ് കുമാര്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.

 

Latest