Connect with us

Kerala

എണ്ണ ചേര്‍ത്തതായി കണ്ടെത്തി; ആളൂരില്‍ ഉത്പാദിപ്പിക്കുന്ന വ്യാജ നെയ്യ് നിരോധിച്ചു

ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ 'ചിരാഗ് പ്യുവര്‍ കൗ ഗീ' എന്ന ഉത്പന്നത്തിന്റെ വില്‍പനയാണ് നിരോധിച്ചത്.

Published

|

Last Updated

തൃശൂര്‍ | വ്യാജമെന്ന് കണ്ടെത്തിയ നെയ്യ് നിരോധിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പന്നത്തിന്റെ വില്‍പനയാണ് നിരോധിച്ചത്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്.

മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുത്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തില്‍ നിന്നും 77.6 കി ഗ്രാം നെയ്യ് പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9 കി ഗ്രാമും പിടിച്ചെടുത്തു.

തുടര്‍നടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. നെയ്യിനോടൊപ്പം എണ്ണ ചേര്‍ക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉതപന്നത്തിന്റെ വില്‍പനക്കെതിരെ നടപടിയെടുത്തത്. പരിശോധനയില്‍ മണലൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അരുണ്‍ പി കാര്യാട്ട്, പി വി ആസാദ്, ക്ലാര്‍ക്ക് മുഹമ്മദ് ഹാഷിഫ്, ഇ എ രവി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest