Kerala
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
പ്രതികള്‍ ഈമാസം 27 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു
തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഒന്നാം പ്രതി ഫെനി നൈനാന്‍, രണ്ടാം പ്രതി ബിനില്‍ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ ഈമാസം 27 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികളുടെ വീട്ടില്‍നിന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസില്‍നിന്നും വ്യാജരേഖ തയ്യാറാക്കുന്നതിന് ഉപയോഗിച്ച ലാപ്ടോപ്പും ഫോണും അടക്കം പോലീസ് കണ്ടെടുത്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നത്. വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത്. ഈ കാര്‍ഡുകള്‍ മറ്റു പ്രതികള്‍ക്ക് ഓണ്‍ലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.സാമൂഹികമാധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളായി ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, തുടങ്ങിയ വകുപ്പുകളും ഐ ടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.