Kerala
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു
തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഭി വിക്രം, വികാസ് കൃഷ്ണന്‍, ബിനില്‍ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.
അടൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ടു സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു നോട്ടീസ് നല്‍കും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടവുമായി അടുപ്പമുള്ളവരാണ് അറസ്റ്റിലായവര്‍. ഗ്രൂപ്പ് പോരിനെ തുടര്‍ന്നുള്ള ഒറ്റാണ് ഇവരെ കുടുക്കിയത് എന്നാണ് വിവരം. അഭി വിക്രം അടക്കമുള്ളവരുടെ വീടുകളില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.
അഭി വിക്രമിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയെന്നാണ് സംശയം. ഡി വൈ എഫ് ഐ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.