Connect with us

Kerala

വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റ് ജീവനക്കാരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കണ്ണൂര്‍ റിപ്പോര്‍ട്ടറായിരുന്ന നൗഫല്‍ ബിന്‍ യൂസഫിനെയും പെണ്‍കുട്ടിയുടെ മാതാവും ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരിയുമായ യുവതിയെയുമാണ് പോലീസ് ചോദ്യം ചെയ്തത്

Published

|

Last Updated

കോഴിക്കോട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപോയിഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചെന്ന കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ റിപ്പോര്‍ട്ടറായിരുന്ന നൗഫല്‍ ബിന്‍ യൂസഫിനെയും പെണ്‍കുട്ടിയുടെ മാതാവും ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരിയുമായ യുവതിയെയുമാണ് പോലീസ് ചോദ്യം ചെയ്തത്. നൗഫലിനെ മൂന്ന് മണിക്കൂറും യുവതിയെ രണ്ടു മണിക്കൂറുമാണ് ചോദ്യം ചെയ്തത്.

തന്റെ മകളെ ഉപോയോഗിച്ച് വാര്‍ത്ത ചിത്രീകരിച്ചിട്ടില്ലെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. കേസില്‍ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസിലെ മൂന്ന് ജീവനക്കാരെയാണ് പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്തിനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനോട് ചോദ്യം ചെയ്യലിനു കഴിഞ്ഞ ദിവസം ഹാജരാകാന്‍ പോലീസ് അറിയിച്ചിരുന്നെങ്കിലും സിന്ധു അസൗകര്യം അറിയിച്ചിരുന്നു.

തുടര്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ, ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയില്‍ പറയുന്ന യഥാര്‍ഥ ഇരയുടെ മുംബൈയിലുള്ള വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വനിത എസ്‌ ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയില്‍ എത്തി പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. വാര്‍ത്തയ്ക്കാവശ്യമായ വിഡിയോ നിര്‍മിച്ച വേളയില്‍ ഇവര്‍ നാട്ടിലുണ്ടായിരുന്നില്ലെന്നാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും മൊഴി നല്‍കിയത്.

കഴിഞ്ഞ നവംബര്‍ 10നാണ് നര്‍ക്കോട്ടിക് ഈസ് എ ഡര്‍ട്ടി ബിസിനസ് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് വാര്‍ത്ത പരമ്പര ചെയ്തിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് കുട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജമായി വാര്‍ത്ത നിര്‍മ്മിച്ചുവെന്ന് പി വി  അന്‍വര്‍ എം എല്‍ എ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Latest