National
വ്യാജ വാര്‍ത്ത: ഓപ് ഇന്ത്യയ്‌ക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്
ഓപ് ഇന്ത്യ സിഇഒ രാഹുല്‍ റൗഷന്‍, എഡിറ്റര്‍ നൂപുര്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് അവാടി പൊലീസ് കേസെടുത്തത്.
ചെന്നൈ| തമിഴ്‌നാട്ടില്‍ ബിഹാറിലെ തൊഴിലാളികള്‍ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംഘ്പരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമമായ ഓപ് ഇന്ത്യയ്‌ക്കെതിരെ കേസ്. തമിഴ്നാട് പൊലീസാണ് വെബ്‌സൈറ്റിനെതിരെ കേസെടുത്തത്. ഓപ് ഇന്ത്യ സിഇഒ രാഹുല്‍ റൗഷന്‍, എഡിറ്റര്‍ നൂപുര്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് അവാടി പൊലീസ് കേസെടുത്തത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തിയെന്ന ഡിഎംകെ ഐ.ടി സെല്‍ ഭാരവാഹി സൂര്യപ്രകാശിന്റെ പരാതിയിലാണ് കേസ്. വ്യത്യസ്ത പ്രാദേശിക, ഭാഷാ, ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ വേണ്ടി അഭ്യൂഹങ്ങള്‍ വാര്‍ത്തയാക്കല്‍, പൊതുദ്രോഹകരമായ പരാമര്‍ശങ്ങള്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ താലിബാന്‍ മോഡല്‍ ആക്രമണം നടക്കുന്നുവെന്നാണ് ഓപ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നും ഇവരെ തല അറുത്താണ് കൊന്നത് എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് ഓപ് ഇന്ത്യയില്‍ പടച്ചുവിട്ടത്.
ബിഹാറിലെ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നേരത്തെ ദൈനിക് ഭാസ്‌കര്‍ മാധ്യമത്തിലെ തന്‍വീര്‍ അഹമ്മദ്, ബിജെപി ബിഹാര്‍ വക്താവ് പ്രശാന്ത് കുമാര്‍ ഉംറാവോ എന്നിവര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു.