Connect with us

National

മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ ഫോണ്‍കോള്‍; അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Published

|

Last Updated

ആഗ്ര | മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആഗ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മയാണ് മരിച്ചത്. 58 വയസായിരുന്നു.കോളജ് വിദ്യാര്‍ഥിനിയായ മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് അറിയിച്ചുകൊണ്ട് പോലീസിന്റെ പേരിലാണ് വ്യാജഫോണ്‍കോള്‍ വാട്‌സാപ്പിലൂടെ വന്നത്.

പോലീസുകാരന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയ അക്കൗണ്ടില്‍ നിന്നുമാണ് കോള്‍ വന്നതെന്ന്  മാലതിയുടെ മകന്‍ ദീപാന്‍ഷു പറഞ്ഞു. മകള്‍ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ ശ്രമിക്കരുതെന്നും ഫോണ്‍കോളില്‍ പറഞ്ഞു.

തുടര്‍ന്ന്  ഫോണ്‍കോള്‍ വന്ന നമ്പര്‍ തരാന്‍ താന്‍ അമ്മയോട് ആവശ്യപ്പെട്ടു. നമ്പര്‍ പരിശോധിച്ചപ്പോള്‍ അതൊരു തട്ടിപ്പാണെന്ന് മനസിലായെന്നും സഹോദരിയെ വിളിച്ചു കാര്യങ്ങള്‍ തിരക്കിയെന്നും ദീപാന്‍ഷു പറഞ്ഞു. ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അമ്മ ഏറെ വിഷമിച്ചു.

സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയതിന് പിന്നാലെ അമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.