Uae
വ്യാജ ഉംറ, ഹജ്ജ് വിസ: പ്രതികള്‍ അറസ്റ്റില്‍
യു എ ഇയിലെ ലൈസന്‍സുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങള്‍ വഴി മാത്രമേ തീര്‍ഥാടന വിസകള്‍ ലഭിക്കൂ എന്ന് അധികൃതര്‍.

ദുബൈ | സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഉംറ, ഹജ്ജ് വിസകള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കില്‍ എളുപ്പത്തിലുള്ള ബേങ്ക് ട്രാന്‍സ്ഫര്‍ പേയ്മെന്റ് അവസരം നല്‍കി താമസക്കാരെ വശീകരിക്കുകയായിരുന്നു. അനൗദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെയാണ് സംഘം പ്രവര്‍ത്തിച്ചത്. ഒരിക്കലും യാഥാര്‍ഥ്യമാകാത്ത വ്യാജ തീര്‍ഥാടന പാക്കേജുകളും വേഗത്തിലുള്ള വിസ പ്രോസസ്സിംഗും സംഘം വാഗ്ദാനം ചെയ്തിരുന്നു.
പണമടയ്ക്കല്‍ നടത്തിക്കഴിഞ്ഞാല്‍, തട്ടിപ്പുകാര്‍ ഇരകളുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യും. പിന്നീട് അപ്രത്യക്ഷരാവും. യു എ ഇയിലെ ലൈസന്‍സുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങള്‍ വഴി മാത്രമേ തീര്‍ഥാടന വിസകള്‍ ലഭിക്കൂ എന്ന് അധികൃതര്‍ പൊതുജനങ്ങളോട് വിശദീകരിച്ചു.
2023-ല്‍ ഹജ്ജ് തട്ടിപ്പിന് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു ടൂര്‍ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തിരുന്നു. 150 താമസക്കാരില്‍ നിന്ന് ഏകദേശം 30 ലക്ഷം ദിര്‍ഹം പിരിച്ചെടുത്ത ട്രാവല്‍ ഏജന്‍സി ഉടമയെ ഡസന്‍ കണക്കിന് പരാതികള്‍ക്കു ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
തീര്‍ഥാടനത്തിനുള്ള മുഴുവന്‍ തുകയും നല്‍കിയെങ്കിലും വിമാനങ്ങളോ വിസകളോ റീഫണ്ടുകളോ ഇല്ലാതെ യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കുടുങ്ങിപ്പോയതായി നിരവധി ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. വിസ കാലതാമസം വരുത്തിയതായും ഏജന്‍സിക്കെതിരെ ഇവര്‍ ആരോപിച്ചു. തങ്ങളുടെ പണം തിരികെ ലഭിച്ചിട്ടില്ലെന്നും പലരും പറയുന്നു. 2024-ല്‍ ഡ്രീം ട്രാവല്‍ എന്ന കമ്പനി തന്നെ വഞ്ചിച്ചതായി ഒരു യു എ ഇ നിവാസി പറഞ്ഞു.