Kerala
ലൈഫ് മിഷൻ പദ്ധതിക്കെതിരെ വ്യാജ വീഡിയോ പ്രചാരണം; അന്വേഷണം തുടങ്ങി
ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽനിന്ന് വാങ്ങിയ ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ചത്.
തിരുവനന്തപുരം | നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്.
ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽനിന്ന് വാങ്ങിയ ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെതുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ട്.
ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കും എന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചിട്ടുണ്ട്.