Connect with us

From the print

ബി ജെ പിക്ക് വേണ്ടി കള്ളവോട്ട്: പതിനേഴുകാരന്‍ പിടിയില്‍; റീ പോളിംഗ് ശിപാര്‍ശ

ഗ്രാമമുഖ്യന്റെ 17 വയസ്സുള്ള മകനാണ് പല പ്രാവശ്യം ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്തത്. ബി ജെ പി സ്ഥാനാര്‍ഥി മുകേഷ് രജ്പുതിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

Published

|

Last Updated

ലക്നോ | ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ ബി ജെ പി സ്ഥാനാര്‍ഥിയുടെ മുമ്പില്‍ വെച്ച് പല പ്രാവശ്യം കള്ളവോട്ട് ചെയ്ത പ്രായപൂര്‍ത്തിയാകാത്തയാള്‍ അറസ്റ്റില്‍. ഗ്രാമമുഖ്യന്റെ 17 വയസ്സുള്ള മകനാണ് പല പ്രാവശ്യം ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്തത്. ബി ജെ പി സ്ഥാനാര്‍ഥി മുകേഷ് രജ്പുതിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. സംഭവം നടന്ന ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഇറ്റ ജില്ലയിലുള്ള 343ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തതായി യു പി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നവ്ദീപ് റിന്‍വ പറഞ്ഞു.

മണ്ഡലത്തിലെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നവല്‍ കിഷോര്‍ ശാക്യയാണ് പരാതി നല്‍കിയത്. നയാഗാവ് പോലീസാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇറ്റയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഖിരിയ പാമരന്‍ ഗ്രാമമുഖ്യന്‍ അനില്‍ ഠാക്കൂറിന്റെ മകനാണ് പ്രതി. എട്ട് തവണയാണ് ഇയാള്‍ കള്ളവോട്ട് ചെയ്തത്. കള്ളവോട്ട് ചെയ്യുന്നത് വീഡിയോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എണ്ണിയെണ്ണി യുവാവ് ബി ജെ പി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് രേഖപ്പെടുത്തുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ മൂന്നാമതാണ് ബി ജെ പി സ്ഥാനാര്‍ഥിയുടെ പേരുള്ളത്. അതില്‍ താമര ചിഹ്നത്തിന് നേരെ തുടര്‍ച്ചയായി എട്ട് തവണ അമര്‍ത്തുന്നത് കാണാം. ഓരോ തവണയും വോട്ട് ചെയ്യാനായി തയ്യാറാണെന്ന് കാണിക്കുന്നതിനുള്ള പച്ച നിറം കത്തുകയും സ്ഥാനാര്‍ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ട് രേഖപ്പെടുത്തി എന്ന് കാണിക്കുന്ന ചുവപ്പ് നിറം തെളിയുകയും ചെയ്യുന്നുണ്ട്.

ഇന്ത്യ സഖ്യം നേതാക്കള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യു പിയില്‍ ബി ജെ പി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നതിനിടെയാണിത്. സംഭവത്തിന്റെ പിന്നാലെ, വരും ഘട്ടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി.

 

Latest