National
സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്: പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ സുപ്രീംകോടതിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് നോട്ടീസില്‍ പറയുന്നു
ന്യൂഡല്‍ഹി|സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിനും വ്യാജ വെബ്സൈറ്റ്. എന്നാല്‍വ്യാജ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ സുപ്രീംകോടതിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് നോട്ടീസില്‍ പറയുന്നു.http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്.
ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക. മേല്‍പ്പറഞ്ഞ URL-കളില്‍ വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും വെളിപ്പെടുത്തരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. മേല്‍പ്പറഞ്ഞ ‘പിഷിംഗ്'(ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കില്‍, എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും പാസ്വേഡുകള്‍ എത്രയും വേഗം മാറ്റണം.അനധികൃത ആക്‌സസ് ബേങ്കിലും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയിലും അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
www.sci.gov.in എന്നതാണ് സുപ്രീംകോടതിയുടെ ഔദ്യോഗിക ഡൊമെയ്ന്‍ എന്നും പൊതു മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.