National
അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് വ്യാജ അവകാശവാദം; ഹിന്ദു സേനയുടെ ഹരജി ഫയലിൽ സ്വീകരിച്ച് കോടതി
ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് വ്യാജ അവകാശവാദം ഉന്നയിച്ച് ഹരജി നൽകിയത്
ജയ്പൂർ | അജ്മീർ ദർഗ ശിശവക്ഷേത്രമായിരുന്നുവെന്ന് വ്യാജ അവകാശവാദമുന്നയിച്ച് ഹിന്ദുസേന സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ജില്ലാ കോടതി. ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് വ്യാജ അവകാശവാദം ഉന്നയിച്ച് ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ച അജ്മീർ വെസ്റ്റ് സിവിൽ ജഡ്ജി മൻമോഹൻ ചന്ദേൽ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ് നൽകാൻ നിർദേശം നൽകി. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.
അജ്മീർ ദർഗ നിലനിൽക്കന്ന സ്ഥലം ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹരജിയിലെ അവകാശവാദം. ദർഗയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചു.
അജ്മീർ ദർഗ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുഗുപ്ത നൽകിയ ഹർജി കഴിഞ്ഞ സെപ്തംബറിൽ അജ്മീർ കോടതി തള്ളിയിരുന്നു.
രാജ്യത്തെ വിവിധ പള്ളികളുടെയും സൂഫീ ദർഗകളുടെയും മേൽ അവകാശവാദമുന്നയിച്ച് വിവിധ ഹിന്ദു സംഘടനകൾ രംഗത്ത് വരുന്നത് പതിവായിരിക്കുകയാണ്. നേരത്തെ ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ ഹിന്ദുപക്ഷം അവകാശവാദമുന്നയിച്ചതിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തിയിരുന്നു. യു.പിയിലെ സംഭാൽ ജില്ലയിലെ ഷാഹി ജുമുഅ മസ്ജിദിൽ കഴിഞ്ഞ ദിവസം എ എസ് ഐ സർവേ നടത്താൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കുകയും പോലിസ് വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.