National
കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി; യുവതി അറസ്റ്റില്‍
യുവതിക്കു നേരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും പോലീസ്.
ന്യൂഡല്‍ഹി | കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. യു പിയിലെ ഗാസിയാബാദിലാണ് സംഭവം. തന്നെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഇത് തെറ്റായ പരാതിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ കൂട്ടുപ്രതികളായ മൂന്നുപേരെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആസാദ്, അഫ്‌സല്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. എന്നാല്‍ യുവതിക്കു നേരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും മീററ്റ് ഐ ജി. പ്രവീണ്‍ കുമാര്‍ പറഞ്ഞു. യുവതിയും കുറ്റം ആരോപിക്കപ്പെട്ട അഞ്ചുപേരും തമ്മില്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രതികളെ ഗൂഢാലോചനക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.