Connect with us

From the print

വ്യാജ പരാതി; സൈനികനും സുഹൃത്തും അറസ്റ്റില്‍

മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി.

Published

|

Last Updated

കൊല്ലം | മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍.

കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നില്‍ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പോലീസ് പറയുന്നു.

സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍, ടീ ഷര്‍ട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പോലീസിനോട് വിശദീകരിച്ചു. മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ലെന്നും മൊഴി നല്‍കിയിരുന്നു.

ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നായിരുന്നു ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് യഥാര്‍ഥ സംഭവം വെളിവായത്. എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യുകയാണെന്നും അതിന് ശേഷം മാത്രമാകും തുടര്‍ നടപടികളെന്നും കടയ്ക്കല്‍ പോലീസ് പറഞ്ഞു.