Connect with us

editorial

വെള്ളാപ്പള്ളിയുടെ വ്യാജങ്ങള്‍

വര്‍ഗീയത വളര്‍ത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. അത് നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. പോലീസ് വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇടതുപക്ഷ സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്നുള്‍പ്പെടെ അദ്ദേഹത്തെ പുറത്താക്കാനും തയ്യാറാകണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കേരളത്തിന് ഒരു വെള്ളാപ്പള്ളിയുടെ ആവശ്യമില്ല.

Published

|

Last Updated

കേരളത്തിന്റെ സവിശേഷമായ സാമൂഹിക നില ആരെയും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ പ്രകടമാകാത്ത ഇഴയടുപ്പം ഇവിടെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ട്. മത, രാഷ്ട്രീയ വൈജാത്യങ്ങളെ സംവാദാത്മകമായി സമീപിക്കാനും സാമുദായിക മൈത്രിക്ക് പോറലേല്‍ക്കാതെ കാവലിരിക്കാനും മലയാളികള്‍ കാണിച്ച ജാഗ്രതയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. ഇക്കാര്യത്തില്‍ ഇവിടുത്തെ മതസംഘടനകളും ജനാധിപത്യ പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. ഇനിയെത്ര കാലം ആ ജാഗ്രത തുടരാനാകുമെന്ന ആശങ്ക ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. എന്തിലും ഏതിലും വര്‍ഗീയത കാണുന്ന വിപത്കരമായ മാനസികാവസ്ഥയിലേക്ക് മലയാളികളെ തള്ളിവിടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ ശക്തിപ്പെട്ടുവരികയാണ്. ഉത്തരവാദപ്പെട്ട സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും അതില്‍ പങ്കാളികളാകുന്നു എന്നത് കാണാതിരുന്നുകൂടാ. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമീപ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ അതിന്റെ തെളിവാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലിം പ്രീണനം കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്‍കുന്നു എന്നും അദ്ദേഹം ആക്ഷേപിക്കുകയുണ്ടായി. ഏറ്റവുമൊടുവില്‍, ഇന്നലെ അദ്ദേഹം പറഞ്ഞത് കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി എന്നാണ്. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന ആരോപണവും ഉന്നയിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ രൂപവത്കൃതമായ ഒരു സംഘടനയുടെ തലപ്പത്ത് ഇരുന്നുകൊണ്ടാണ് വെള്ളാപ്പള്ളി ഈ അന്യായ പ്രസ്താവനകള്‍ നടത്തുന്നത്. ന്യൂനപക്ഷ വിരോധം ഉള്ളില്‍ പേറുന്നയാളാണ് വെള്ളാപ്പള്ളി എന്നത് പുതിയ അറിവല്ല. മനസ്സ് ബി ജെ പിക്ക് ഒപ്പമായിരിക്കുമ്പോഴും കേരളത്തില്‍ മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികളോടും ഒട്ടിനിന്ന്, വ്യക്തിപരമായും സംഘടനാപരമായും കിട്ടേണ്ടതെല്ലാം നേടിയെടുത്ത ശേഷമാണ് യോഗം ജനറല്‍ സെക്രട്ടറി ഇത് പറയുന്നത്. ബി ഡി ജെ എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മകനെ ബി ജെ പിയുടെ കൂടെ പറഞ്ഞുവിട്ട ശേഷവും മതേതര മുന്നണികളുടെ ഉപ്പും ചോറും വാങ്ങിത്തിന്നാന്‍ അദ്ദേഹത്തിന് മടിയുണ്ടായിട്ടില്ല.

കേരളത്തിലെ മുസ്‌ലിം സമുദായം ഇന്നെത്തിനില്‍ക്കുന്ന അന്തസ്സാര്‍ന്ന നില തനിയെ ഉണ്ടായതല്ല. സമുദായവും അവര്‍ക്കിടയിലെ സംഘടനകളും നന്നായി അധ്വാനിച്ചു തന്നെയാണ് അത് സാധ്യമാക്കിയത്. 1957 മുതല്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാറുകളല്ല, 1960കള്‍ മുതല്‍ ഗള്‍ഫ് നാടുകളിലേക്ക് കുടിയേറ്റം നടത്തിയവരാണ് മുസ്‌ലിംകള്‍ക്കിടയിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് വേഗം പകര്‍ന്നത്. മന്ത്രിമാരെ വഴിയില്‍ തടഞ്ഞുവെച്ചോ സമുദായത്തിന്റെ അംഗബലം കാട്ടി ഭരണകൂടത്തെ വിരട്ടിയോ ഒന്നും നേടിയിട്ടില്ല മുസ്‌ലിംകള്‍. അനര്‍ഹമായത് നേടുന്നത് പോകട്ടെ, അര്‍ഹമായത് തന്നെ കിട്ടിയിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ -പാലൊളി കമ്മിറ്റി റിപോര്‍ട്ടുകള്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം, അനവധി സര്‍ക്കാര്‍ രേഖകള്‍, നിയമസഭയിലെ മറുപടികള്‍ -ഇതെല്ലാം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. എന്നിട്ടും വെള്ളാപ്പള്ളി പറയുന്നു, മുസ്‌ലിം സമുദായത്തിന് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നുവെന്ന്. മുസ്‌ലിംകള്‍ക്ക് എന്ത് കിട്ടി, എത്ര കിട്ടി? അതില്‍ അര്‍ഹമായത് എത്ര, അനര്‍ഹമായത് എത്ര? രേഖകള്‍ വെച്ച് സംവദിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകണം. ജനം സത്യമറിയട്ടെ. അത് അവരുടെ അവകാശമാണല്ലോ.

കേരള ജനസംഖ്യയുടെ ഏതാണ്ട് 27 ശതമാനം ആണ് മുസ്‌ലിംകള്‍. അധികാരത്തില്‍, അവസരത്തില്‍, തൊഴിലില്‍, പാര്‍ട്ടി പദവികളില്‍, സാമൂഹിക നീതിയില്‍- സമുദായം അര്‍ഹിക്കുന്ന അനുപാതത്തില്‍ പങ്കാളിത്തം കിട്ടിയ ഒരു മേഖലയുമില്ല. കൈയിലുള്ളത് നഷ്ടപ്പെട്ട അനുഭവം പറയാനുമുണ്ട്. കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് കേരളത്തില്‍ സവര്‍ണ സംവരണം നടപ്പാക്കിയപ്പോള്‍ നഷ്ടം സംഭവിച്ചത് മുസ്‌ലിംകള്‍ക്കാണ്. ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ- ഇവിടെയൊന്നും സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഇന്നോളം കിട്ടിയിട്ടില്ല. അത് ചോദിക്കുന്നവരെ വര്‍ഗീയമായി ചാപ്പയടിക്കാനാണ് പലരും ഉദ്യമിച്ചത്. ജാതിയും മതവും നോക്കി സീറ്റുകള്‍ വീതം വെക്കുന്ന പാര്‍ട്ടികള്‍ക്ക് പോലും മുസ്‌ലിംകളുടെ കാര്യത്തില്‍ നിഷേധ നിലപാടാണ്.

കേരളത്തില്‍ നിന്ന് ഇക്കുറി ലോക്‌സഭയിലേക്ക് പോകുന്നത് ലീഗിന്റേത് ഉള്‍പ്പെടെ മൂന്ന് മുസ്‌ലിംകളാണ്. നായര്‍ സമുദായത്തില്‍ നിന്ന് സുരേഷ് ഗോപി ഉള്‍പ്പെടെ ഏഴ് പേരുണ്ട്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് അഞ്ച് പേര്‍, ഈഴവ സമുദായത്തില്‍ നിന്ന് രണ്ട് പേര്‍. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ പിന്തുണ നല്‍കിയത് മുസ്‌ലിം സമുദായമാണ്. ഇതര സമുദായങ്ങളുടെ വോട്ടുകള്‍ ചിലയിടങ്ങളിലെങ്കിലും ബി ജെ പിയിലേക്ക് ഒഴുകിയിട്ടുണ്ട്. അപ്പോഴും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് മലബാറില്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ ഭൂരിപക്ഷം നല്‍കിയത് മുസ്‌ലിം സമുദായമാണ്. എന്നിട്ടും സമുദായം കോണ്‍ഗ്രസ്സിനോട് പരാതി പറയുന്നില്ല, സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം നിറക്കുന്നില്ല. വെള്ളാപ്പള്ളിയെ പോലെ മറ്റ് സമുദായങ്ങളെ കുറ്റപ്പെടുത്തുന്നില്ല.

മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടെ ഉണ്ടായ അവസരനഷ്ടം വലുതാണ്. അത് ഇനിയും നികത്തപ്പെട്ടിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് പിന്നീട് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് ആയി മാറിയതും പ്രവേശനത്തിലെ 80:20 അനുപാതം അട്ടിമറിക്കപ്പെട്ടതും ആരും മറന്നിട്ടില്ല. ഇതെല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുന്ന ഒരു സമുദായത്തെയാണ് വെള്ളാപ്പള്ളി നടേശന്‍ കുത്തിനോവിക്കുന്നത്. മുസ്‌ലിംകള്‍ക്ക് അത് അവഗണിക്കാവുന്നതേയുള്ളൂ. ഇതേക്കാള്‍ കടുത്ത വര്‍ഗീയ പ്രചാരണങ്ങളെ സമുദായം അവഗണിച്ചിട്ടുണ്ട്. പക്ഷേ, സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ചിലത് ചെയ്യാനുണ്ട്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. അത് നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. പോലീസ് വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇടതുപക്ഷ സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്നുള്‍പ്പെടെ അദ്ദേഹത്തെ പുറത്താക്കാനും തയ്യാറാകണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കേരളത്തിന് ഒരു വെള്ളാപ്പള്ളിയുടെ ആവശ്യമില്ല.

Latest