Ongoing News
ഓസീസിനു മുന്നിൽ പതറി; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്
ഇന്ത്യൻ പരാജയം അഞ്ച് റൺസിന്
കേപ്ടൗണ്‍ | ഐ സി സി ടി20 വനിത ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ആസ്ത്രേലിയയോട് അഞ്ച് റണ്‍സിന് തോറ്റ ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ആസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ഗ്രീസിലിറങ്ങിയ ടീം ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. സ്കോർ: ആസ്ത്രേലിയ 172/4. ഇന്ത്യ 167/8.
മികച്ച പ്രകടനം നടത്തി വിജയത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് താളം പിഴച്ചത് പതിനഞ്ചാം ഓവറിലാണ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ അപ്രതീക്ഷിതമായി നായിക ഹര്‍മന്‍ പ്രീത് കൗര്‍ റണ്ണൗട്ടായി. ഇതോടെ, ഇന്ത്യയുടെ താളം തെറ്റി.
ഇന്ത്യന്‍ ബാറ്റിംഗില്‍ 34 പന്തില്‍ 52 റണ്‍സെടുത്ത ഹര്‍മന്‍ പ്രീത് കൗറാണ് മികച്ച പ്രകടനം നടത്തിയത്. 24 പന്തില്‍ 43 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും മികച്ചു നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ഓപണര്‍ ബെത്ത് മൂണിയുടെ അര്‍ധ സെഞ്ചുറി (54) യാണ് ഓസിസ് പടയെ താരതമ്യേന മികച്ച സ്‌കോറിലെത്തിച്ചത്.
ഓപണര്‍ അലീസ്സ ഹീലി 25 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മെഗ് ലാനിംഗ് 49ഉം ആഷ്ലീഗ് ഗാര്‍ഡ്നര്‍ 31ഉം റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ശിഖ പാണ്ഡെ രണ്ടും ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.