Ongoing News
നീതിയാണ് വേണ്ടതെന്ന് ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം
നഷ്ടപരിഹാരം കുടുംബം നിരസിച്ചു
കൊല്‍ക്കത്ത | മകള്‍ക്ക് നീതിയാണ് വേണ്ടതെന്നും നഷ്ടപരിഹാരമല്ലെന്നും ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. കേസിലെ ഏക പ്രതി സഞ്ജയ് റോയിക്ക് കൊല്‍ക്കത്ത സീല്‍ദായിലെ സിവില്‍ ആന്‍ഡ് ക്രിമിനല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുടുംബം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം.
പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാള്‍ സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ കുടുംബം അത് നിരസിച്ചു. ‘ഞങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യമില്ല, നീതിയാണ് വേണ്ടത്’ -കോടതി വിധി കേട്ട ശേഷം പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയ് മാത്രമാണ് കേസിലെ ഏക പ്രതി. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് യഥാര്‍ഥ കുറ്റവാളിയെ പിടികൂടണമെന്നും പ്രതി സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. സാക്ഷിപ്പട്ടികയില്‍ 128 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ പ്രതി സഞ്ജയ് റോയി എന്ന പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക സന്നദ്ധ സേനാംഗമാണ് പ്രതി. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.