price hike
ക്ഷാമം രൂക്ഷം; നേന്ത്രക്കായ വില ഉയരുന്നു
ചെറു പഴ വില വർധിച്ചില്ല

മലപ്പുറം | നേന്ത്രക്കായ ക്ഷാമം രൂക്ഷമായതോടെ വിപണിയിൽ വില കുത്തനെ കൂടി. ഒരു മാസം മുമ്പ് 20- 25 രൂപയായിരുന്നു വില. എന്നാൽ, നിലവിൽ 38- 40 രൂപക്കാണ് മൊത്ത വിൽപ്പനക്കാർ നേന്ത്രക്കായ വിൽക്കുന്നത്. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇതിന് 45 മുതൽ 50 രൂപ വരെയാണ് വാങ്ങുന്നത്.
തമിഴ്‌നാട്ടിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള വരവ് നിലച്ചതാണ് വില കൂടാൻ കാരണം. തമിഴ്‌നാട്ടിലെ സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. ജില്ലയിൽ ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സാധാരണ ഓണം, വിഷു ഉത്സവ കാലങ്ങളിലാണ് വിപണിയിൽ വില വർധിക്കാറുള്ളത്. എന്നാൽ ഇത്തവണ നേരത്തേ വില ഉയർന്നിട്ടുണ്ട്.
അതേസമയം, വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും മൂലം വ്യാപകമായി കൃഷി നശിച്ചതിനെ തുടർന്നുണ്ടായ വിലക്കയറ്റം കർഷകർക്കും ഗുണം ചെയ്തില്ല. കനത്ത മഴയിൽ ജില്ലയിൽ വാഴകർഷകർക്ക് മാത്രം മൂന്ന് കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
അതേസമയം, ചെറുപഴത്തിന് വില വർധിച്ചിട്ടില്ല. ഞാലിപ്പൂവന് കിലോക്ക് 36 രൂപയാണ് മൊത്തവില. റോബസ്റ്റ് പഴത്തിന് 28 രൂപയും. രണ്ടാഴ്ച മുമ്പ് വരെ നാല് മുതൽ അഞ്ച് കിലോ നേന്ത്രക്കായ 100 രൂപക്ക് ലഭിച്ചിരുന്നു.