Connect with us

agriculture

വിലക്കറ്റത്തിനൊപ്പം ക്ഷാമവും; വളത്തിനായി കർഷകരുടെ നെട്ടോട്ടം

കഴിഞ്ഞ നാല് മാസമായി രാസവളം കിട്ടാനില്ല. ആറ് മാസത്തിനിടെ വർധിച്ചത് 300 രൂപ

Published

|

Last Updated

കോഴിക്കോട് | വില വർധനവും രാസവള ക്ഷാമവും രൂക്ഷമായതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ കർഷകർ. നെൽ കൃഷിയും ശീതകാല പച്ചക്കറി കൃഷിയും ആരംഭിക്കുന്ന സമയമാണിത്. എന്നാൽ കഴിഞ്ഞ നാല് മാസമായി രാസവളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ആറ് മാസത്തിനിടെ 300 രൂപയോളമാണ് രാസവളത്തിന് വില വർധിച്ചത്.

നെല്ല്, വാഴ, തെങ്ങ്, കവുങ്ങ് മുതലായ കൃഷിക്കാണ് പൊതുവെ രാസവളം ഉപയോഗിക്കുന്നത്.
ജൈവ വളത്തിന്റെ വില കൂടുതൽ കാരണം പലരും രാസവളമാണ് ഉപയോഗിക്കുന്നത്. രണ്ട് കിലോ ജൈവ വളം ഉപയോഗിക്കേണ്ട സ്ഥാനത്ത് 300 ഗ്രാം രാസവളം ഉപയോഗിച്ചാൽ മതി.
പ്രതിസന്ധി മുതലെടുത്ത് പലയിടങ്ങളിലും ജൈവ വളങ്ങൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും കർഷകർ ആരോപിക്കുന്നുണ്ട്.

പ്രധാനപ്പെട്ട വളങ്ങളായ യൂറിയ, പൊട്ടാഷ്, ഫാറ്റംഫോസ് എന്നിവക്കാണ് ക്ഷാമം. ഇവയാണ് കൃഷിക്ക് കൂടുതലായും കർഷകർ ഉപയോഗിച്ച് വരുന്നത്. ഒരു ചാക്ക് ഫാറ്റം ഫോസിന് 1,015 രൂപയുണ്ടായിരുന്നത് ഇപ്പോൾ 1,390 രൂപയായി വർധിച്ചതായി മുക്കം അഗ്രോ രാസവള ഏജൻസി ഉടമ അരുൺ പറയുന്നു.

നെൽകൃഷിക്ക് ആവശ്യമായ പൊട്ടാഷ്, യൂറിയ എന്നിവ ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. ഇന്ധന വില വർധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കുതിപ്പുമാണ് വളങ്ങളുടെ ലഭ്യത ക്കുറവിന് കാരണമായി പറയുന്നത്. പൊട്ടാഷ് അടക്കമുള്ള വിവിധ വളങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്.

വില ഉയർന്നതോടെ ഇറക്കുമതിയും നിലച്ചു. വിത്തിറക്കി 20 ദിവസങ്ങൾക്കുള്ളിൽ വളങ്ങൾ ഇട്ട് കൊടുക്കണം. വളമിടുന്ന സമയത്തിലോ അളവിലോ വ്യത്യാസം വന്നാൽ ലഭിക്കുന്ന വിളയെ ദോഷകരമായി ബാധിക്കും.

ആവശ്യത്തിന് രാസവളം ലഭ്യമല്ലാത്തതിനാൽ വിത്തിറക്കാൻ മടിക്കുന്നവരും ഇറക്കിയിട്ട് വളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുമുണ്ടെന്ന് കർഷകനായ പെരുവയൽ സ്വദേശി ജയപ്രകാശ് പറയുന്നു. ഒന്നാം വിള കൊയ്യാറായ സമയത്ത് പെയ്ത മഴയിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. മഴ കാരണം രണ്ടാം ഘട്ടം കൃഷി ആരംഭിച്ചിട്ടില്ല.

ഒക്ടോബർ – നവംബർ മാസങ്ങളിലാണ് ശീതകാല പച്ചക്കറികൾ നടുന്ന സമയം. തൈകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിലും മഴ നിൽക്കാത്തതിനാൽ പാടങ്ങളിൽ വെള്ളം ഉയർന്ന് കൃഷി നശിക്കുമോ എന്ന ആധിയിലാണ് പലരും. പൊതുവെ നഷ്ടം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ആവശ്യത്തിന് വളം കൂടി ലഭിക്കാതിരിക്കുന്നത് ഈ മേഖലക്ക് കനത്ത തിരിച്ചടിയാണ്.