Connect with us

Kerala

പ്രശസ്ത സിനിമാ സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു

ഖബറടക്കം നാളെ വൈകിട്ട് ആറിന്.

Published

|

Last Updated

കൊച്ചി | പ്രശസ്ത സിനിമാ സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാത്രി 9.10നായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് നില മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഹൃദയാഘാതത്തോടെ അതീവ ഗുരുതരമായി. നാളെ രാവിലെ ഒമ്പത് മുതല്‍ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.

മലയാളത്തിന് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രതിഭയാണ് സിദ്ദീഖ്. എക്കാലത്തെയും മെഗാ ഹിറ്റുകളാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. നാട്ടിലെ നാടക സംഘങ്ങളിലൂടെ കലാലോകത്തെത്തിയ സിദ്ദീഖ് തുടര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരനായി. ഫാസിലിന്റെ സഹായിയാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി എന്നിവയാണ് ലാലുമൊത്ത് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നിവ സ്വതന്ത്രമായി സംവിധാനം ചെയ്തു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പനി’ലൂടെ ആദ്യമായി തിരക്കഥാകൃത്തുക്കളായ സിദ്ദിഖും ലാലും പിന്നീട് മോഹന്‍ലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും ശോഭിച്ചു. സംവിധായകര്‍ എന്ന നിലയിലുള്ള ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം ‘റാംജിറാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.

കറപ്പ്നൂപ്പില്‍ കെ എം ഇസ്മയില്‍ ഹാജി-സൈനബ ദമ്പതികളുടെ മകനായായി 1960 ലാണ് ജനിച്ചത്. സെന്റ് പോള്‍സ് കോളേജില്‍ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലൂടെയാണ് കലാരംഗത്ത് സജീവമായത്. കൊച്ചിന്‍ കലാഭവന്‍ 1981ല്‍ ആദ്യമായി വേദിയില്‍ അവതരിപ്പിച്ച മിമിക്സ് പരേഡില്‍ പങ്കെടുത്ത ആറു കലാകാരന്മാരില്‍ ഒരാളാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഗോഡ്ഫാദറിനെ തേടിയെത്തി. മാന്നാര്‍ മത്തായിക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം മമ്മൂട്ടി നായകനായ ഹിറ്റ്‌ലറാണ്. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ട്‌സ് എന്ന ചിത്രവും ശ്രദ്ധേയമായി. മമ്മൂട്ടിയെ നായകനാക്കി 2003 ല്‍ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കള്‍ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ഒരുക്കി. 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ് എന്ന സിനിമയും തമിഴില്‍ കാവലന്‍ എന്ന പേരില്‍ ഗംഭീര വിജയം നേടി. ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തു. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ ആയിരുന്നു അവസാന ചിത്രം.

നിരവധി ടെലിവിഷന്‍ ഷോകളുടെ ഭാഗമായും സിദ്ദിഖ് പ്രവര്‍ത്തിച്ചു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി’ന്റെ ജഡ്ജ് ആയിരുന്നു. ‘കോമഡി സ്റ്റാര്‍ സീസണ്‍ 2’ ഷോയിലും വിധികര്‍ത്താവായി. ‘സിനിമാ ചിരിമ’ എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായിരുന്നു. ഖബറടക്കും.

 

---- facebook comment plugin here -----

Latest