Connect with us

Articles

വിട, ധീര സാരഥേ

പ്രസ്ഥാന വളർച്ചയോടൊപ്പം ആശയ പ്രചാരണവും അതിലൂടെ സാധിച്ചെടുത്തു. വളരെ വേഗത്തിൽ സംഘടനാ - സ്ഥാപന സമ്മേളനം പോലുള്ള വലിയ പരിപാടികളിൽ മുഖ്യ പ്രഭാഷകനായും ആത്മീയ സദസ്സുകളിലെ ഉത്‌ബോധകനായും വളർന്ന് വന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച നല്ല സ്വീകാര്യത കൊണ്ടു തന്നെയാണ്. അദ്ദേഹത്തിന്റെ അന്ത്യയാത്ര ഉജ്ജ്വല പ്രഭാഷണത്തിന് ശേഷമായതും ഒരു നിയോഗമായിരുന്നു.

Published

|

Last Updated

കേരളാ മുസ്്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും പണ്ഡിതനും പ്രഭാഷകനുമായ എൻ അബ്ദുല്ലത്വീഫ് പഴശ്ശിയുടെ ആകസ്മിക വേർപാട് ഉൾക്കൊള്ളാനാകുന്നില്ല.ഇന്നലെ കണ്ണൂർ കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയും മുഖ്യ പ്രഭാഷണം നടത്തിയും പിരിഞ്ഞതേയുള്ളൂ. ആവേശകരമായ ഒരു സമരം നയിച്ച് സുന്നി പ്രവർത്തകരുടെ വൻ ജനാവലി ഒഴിഞ്ഞ് തീരുംമുമ്പ് കരുത്തനായ ആ നേതാവിന്റെ അന്ത്യയാത്രയാണറിയുന്നത്.
നന്നേ ചെറിയ പ്രായത്തിൽ തന്നെ പ്രാസ്ഥാനിക രംഗത്തെത്തിയ അബ്ദുല്ലത്വീഫ് സഅദി എന്ന പ്രവർത്തകരുടെ പഴശ്ശി ഉസ്താദ് അത്രയും വേഗത്തിൽ തന്നെ സംഘാടന മികവ് കൊണ്ടും പ്രഭാഷണ സൗന്ദര്യം കൊണ്ടും ശ്രദ്ധേയനായി. ഉപരിപഠനാർഥം കാസർകോട് ജാമിഅ സഅദിയ്യയിൽ എത്തിയതോടെയാണ് അറിയപ്പെടുന്ന പ്രസംഗകനാവുന്നതും നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ഇഷ്ടപ്പെട്ട ശിഷ്യനുമാകുന്നതും. തന്റെ പള്ളി ദർസ് കാലത്തെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവും അനുഭവങ്ങളും സഅദിയ്യയിലെ പഠനകാലത്ത് അവസരോചിതമായി ഉപയോഗപ്പെടുത്തിയാണ് തന്റെ പ്രഭാഷണ കലയും സംഘാടന മികവും വളർത്തിയെടുത്തത്.
എസ് എസ് എഫിലൂടെയാണ് നേതൃരംഗത്തെത്തുന്നത്. അക്കാലത്ത് തന്നെ ജില്ലയിൽ നിരവധി സമര പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. നാടുനീളെ പ്രസംഗിച്ച് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. പിന്നീട് യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെ നേതൃരംഗത്തും വിശ്രമമില്ലാതെ പ്രവർത്തിച്ചു. നിരവധി സാമൂഹികപ്രശ്‌നങ്ങൾ ഏറ്റെടുത്തും സാന്ത്വന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും സംഘടനയെ ജനകീയമാക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. എസ് എസ് എഫിന്റെ സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റായും എസ് വൈ എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും നേതൃനിരയിലെത്തി. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അടക്കമുള്ള എല്ലാ പണ്ഡിതൻമാരുമായും സാദാത്തുക്കളുമായും നല്ല സ്‌ഹേനബന്ധവും അടുപ്പവും നിലനിർത്തി.

സംഘടനാ സംരംഭങ്ങൾക്കും സുന്നി സ്ഥാപനങ്ങൾക്കും വേണ്ടി കാഴ്ചപ്പാടോടെ നിർമാണാത്മകമായി പ്രവർത്തിച്ചു. മർകസും സഅദിയ്യയും അൽമഖറുമെല്ലാം മാതൃകയായും പ്രചോദനമായും കൊണ്ടു നടന്നു. മലയോര മേഖലയിൽ തന്റെ പ്രദേശത്ത് ഉളിയിൽ സുന്നി മജ്‌ലിസിന് വേണ്ടി സേവന സന്നദ്ധതയോടെ സമയവും ഊർജവും വിനിയോഗിച്ചു. സംഘടനാ പ്രവർത്തനം പ്രായോഗികവും സമഗ്രവുമായി കൊണ്ടുപോകുന്നതിന് നല്ല മാതൃക കാണിച്ചു തന്നു.
പൊതുപരിപാടികളിലും സംഘടനാ സ്ഥാപന വേദികളിലും നിറഞ്ഞു നിന്ന ജനകീയ പ്രഭാഷകനായിരുന്നു പഴശ്ശി ഉസ്താദ്. പ്രൗഢവും ആകർഷകവുമായ പ്രഭാഷണം. കേരളത്തിനകത്തും പുറത്തും ഗൾഫ് രാജ്യങ്ങളിലും അദ്ദേഹത്തിന്റെ വേദികളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. അറിവും ആശയവും മാത്രമായിരുന്നില്ല, ആസ്വാദ്യകരമായ താളവും ഒഴുക്കുമായിരുന്നു ആ പ്രഭാഷണങ്ങൾക്ക്. നിരന്തര പ്രഭാഷണങ്ങളിലൂടെ തന്റെ പ്രബോധന ദൗത്യം ഭംഗിയായി അദ്ദേഹം നിർവഹിച്ചു.

പ്രസ്ഥാന വളർച്ചയോടൊപ്പം ആശയ പ്രചാരണവും അതിലൂടെ സാധിച്ചെടുത്തു. വളരെ വേഗത്തിൽ സംഘടനാ – സ്ഥാപന സമ്മേളനം പോലുള്ള വലിയ പരിപാടികളിൽ മുഖ്യ പ്രഭാഷകനായും ആത്മീയ സദസ്സുകളിലെ ഉത്‌ബോധകനായും വളർന്ന് വന്നത് ജനങ്ങളിൽ നിന്ന് ലഭിച്ച നല്ല സ്വീകാര്യത കൊണ്ടു തന്നെയാണ്. അദ്ദേഹത്തിന്റെ അന്ത്യയാത്ര ഉജ്ജ്വല പ്രഭാഷണത്തിന് ശേഷമായതും ഒരു നിയോഗമായിരുന്നു.

സ്വന്തം പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോഴും ഇതര മത രാഷ്ടീയ സാമൂഹിക പ്രസ്ഥാനങ്ങളോടും സംഘടനകളോടും സുദൃഢമായ ബന്ധമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. എല്ലാവരുമായും ഇടപഴകാനും ആരോഗ്യകരമായ സംവാദങ്ങളിൽ ഇടപെടാനും ശ്രദ്ധിച്ചു. ഏതൊരു വിഷയവും നന്നായി കൈകാര്യം ചെയ്യാനും രമ്യമായി പരിഹരിക്കാനും നേതൃപരമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നുമാലോചിക്കാതെ ഓടിയെത്താനും പ്രവർത്തകരുടെ വികാരം മാനിച്ച് ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു അദ്ദേഹത്തിലെ നേതാവ്. അങ്ങനെ പ്രസ്ഥാനത്തിന്റെ ജനകീയ നേതാവായി അദ്ദേഹം മാറി.
പ്രസ്ഥാനം ഒരു നിർണായക സമരമുഖത്ത് ഇരുപ്പുറപ്പിച്ച ഘട്ടത്തിലാണ് കരുത്തനായ ഈ നേതാവിന്റെ വിട പറയലെന്നത് തീർത്തും വേദനാജനകമാണ്. സുന്നി പ്രസ്ഥാനത്തിൽ കുറഞ്ഞ കാലം കൊണ്ട് തന്റേതായ ഇടം നിർമിച്ചെടുത്ത ആ ധീര സാരഥിയുടെ വിടവ് ചരിത്രത്തിലെപ്പോഴും അടയാതെ കിടക്കും. സമുദായത്തിനും സുന്നി പ്രസ്ഥാനത്തിനും വേണ്ടി പോരാട്ട വീര്യത്തോടെ കർമനിരതനായ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ സംഘടനയുടെ സമരം മുന്നിൽ നിന്ന് മുന്നോട്ടു നയിച്ചാകുന്നത് ഒരോർമ ചിത്രമായി അവശേഷിക്കും. കരുത്തും ആവേശവുമായിരുന്ന ആ വാഗ്‌ധോരണികൾ ഈ സമൂഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ചെന്നവസാനിക്കുമ്പോൾ സുന്നിപ്രസ്ഥാനം എന്നും ഏറെ അഭിമാനത്തോടെ ഓർമിച്ചു കൊണ്ടിരിക്കും.നാഥാ സഅദി ഉസ്താദിന് നീ സ്വർഗം നൽകി അനുഗ്രഹിക്കേണമേ, ആമീൻ.

Latest