Connect with us

eid al fitr 2022

വിടവാങ്ങുന്ന വിരുന്നുകാരൻ

റമസാനിലെ അവസാനരാത്രിക്ക് ഏറെ പവിത്രതയുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. മനുഷ്യരുടെ നഷ്ടത്തെ കുറിച്ചോര്‍ത്ത് ആകാശവും ഭൂമിയും മലക്കുകളും സര്‍വ വസ്തുക്കളും കരയുന്ന രാത്രിയാണത്.

Published

|

Last Updated

ണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങളുടെ വിശുദ്ധ വസന്തം വിട പറയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കാരുണ്യ സ്പർശം, പാപമുക്തി, ആത്മ സംസ്‌കരണം, നരക മോചനം, സ്വർഗ പ്രവേശം തുടങ്ങിയ ഒട്ടനവധി മൂല്യവത്തായ സമ്മാനങ്ങളുമായി പ്രിയപ്പെട്ടവരെ വർഷത്തിലൊരിക്കൽ തേടിയെത്തുന്ന വിശിഷ്ട അതിഥിയാണ് വിശുദ്ധ റമസാൻ. ദുഷ്ചിന്തകളിൽ നിന്ന് മനസ്സിനെയും ദുർവൃത്തികളിൽ നിന്ന് ശരീരത്തെയും ശുദ്ധീകരിച്ച് പുതിയൊരു ജീവിതം ക്രമപ്പെടുത്തി പരലോക വിജയം സാക്ഷാത്കരിക്കുകയാണ് അതിഥിയുടെ വരവിന്റെ പ്രധാന ലക്ഷ്യം. അതിഥിയിൽ നിന്ന് അടിച്ചുവീശുന്ന സുഗന്ധികളും ആശ്വാസവചസ്സുകളും വിശ്വാസികൾക്ക് ആവോളം അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്നു. മാസങ്ങളുടെ നേതാവെന്ന ബഹുമതിയോടൊപ്പം മാനവരാശിയുടെ മോചനത്തിനവതീർണമായ വിശുദ്ധ ഖുർആനിന്റെ മാസം എന്ന വിശേഷണം കൂടിയുണ്ടതിന്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൽ നിന്നും നിവേദനം. തിരുനബി (സ) പറയുന്നു: “മാസങ്ങളുടെ നേതാവാണ് റമസാൻ. ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ചയും’ (ത്വബ്റാനി). അല്ലാഹു പറയുന്നു: “ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാൻ’ (അൽബഖറ: 185)

അനേകം അനുഗ്രഹങ്ങളുടെ ഓഫറുകളുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നമ്മിലേക്കെത്തിയ വിരുന്നുകാരന്‍ എത്ര പെട്ടെന്നാണ് നമ്മോട് യാത്ര ചോദിക്കുന്നത്. വിശിഷ്ട അതിഥിയെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും വരവേൽക്കുന്നതിനുവേണ്ടി മാനസികമായും ശാരീരികമായും കര്‍മപരമായുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി റജബിലും ശഅബാനിലും നാം ആത്മാർഥമായി പ്രാർഥന നടത്തി. പ്രാർഥനയുടെ ഫലമെന്നോണം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ റമസാനെ സ്വീകരിക്കാനും നോമ്പനുഷ്ഠിക്കാനും തറാവീഹ് നിസ്കരിക്കാനും മറ്റു സുകൃതങ്ങൾ ചെയ്യാനും നമുക്ക് ഭാഗ്യം ലഭിച്ചു. അതിന് നാഥന് സ്തുതി പറയാം. എങ്കിലും അനുഷ്ഠിച്ച നോമ്പും നിർവഹിച്ച നിസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ഇഅ്തികാഫും സ്വദഖകളുമെല്ലാം പൂർണാര്‍ഥത്തില്‍ സ്വീകാര്യയോഗ്യമായിട്ടുണ്ടോ ഇല്ലയോ എന്നത് നമ്മെ അലട്ടുന്ന ആലോചനകളാണ്. അടുത്ത വർഷത്തെ റമസാനെ വരവേൽക്കാൻ നമുക്ക് സാധിക്കുമോ എന്നതിന് യാതൊരു നിശ്ചയവുമില്ലതാനും. ആകയാൽ വിശ്വാസിയെ വിശുദ്ധനാക്കുന്നതിനു വേണ്ടി വിരുന്നെത്തിയ അതിഥിക്കുള്ള സ്വീകരണവും സദ്യയും വിഭവങ്ങളും അർഹിക്കുന്ന വിധത്തിലായിട്ടുണ്ടോ എന്ന് നന്നായി ആത്മവിചാരണ നടത്തുകയും ശേഷിക്കുന്ന അനർഘനിമിഷങ്ങളെ പ്രാർഥനകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും കൂടുതൽ സജീവമാക്കുകയും വേണം.

ആര്‍ദ്രതയും സഹാനുഭൂതിയും സഹിഷ്ണുതയും വിട്ടുവീഴ്ചയും സഹജീവി സ്നേഹവും ആരാധനകളുടെ ആനന്ദമനുഭവിക്കലുമാണ് വ്രതാനുഷ്ഠാനത്തിലൂടെ പ്രധാനമായും പരിശീലിപ്പിക്കപ്പെടുന്നത്. അതോടൊപ്പം നമ്മുടെ പാപങ്ങളെയും അപാകതകളെയും അശ്രദ്ധകളെയും അലസതകളെയും പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് അനേകം അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. സങ്കടക്കഥകളും കദനഭാരങ്ങളും ഉടയതമ്പുരാനോട് പങ്ക് വെച്ചും പാപപങ്കിലമായ മനസ്സിനെയും ശരീരത്തെയും പരമകാരുണികനില്‍ സമര്‍പ്പിച്ചും സ്വന്തത്തെ സകല തിന്മകളില്‍ നിന്നും ദുര്‍വിചാരങ്ങളില്‍ നിന്നും വിമലീകരിച്ചും റമസാനിന്റെ പകലിരവുകളെ പ്രവർത്തന നിരതമാക്കുന്നതിന് വിശ്വാസികൾ പരമാവധി പരിശ്രമിക്കുന്നുണ്ട്. പാപമുക്തിയും നരകമോചനവും സ്വർഗപ്രാപ്തിയും ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണവർ. നബി(സ) പറയുന്നു: “വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമസാനില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്യുന്നവർക്ക് കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെട്ടും’. (മുസ്്ലിം) മറ്റൊരു ഹദീസിൽ കാണാം, “വിശ്വാസപൂര്‍വം കൂലി കാംക്ഷിച്ച് ആരെങ്കിലും റമസാനില്‍ നിസ്കരിച്ചാല്‍ ഉമ്മ പെറ്റ ദിവസത്തെപ്പോലെ അവന്‍ പാപമുക്തനായിരിക്കും’. (നസാഈ)

റമസാൻ സദ്‌വൃത്തർക്ക് അനുകൂലമായും ദുർനടപ്പുകാർക്ക് പ്രതികൂലമായും സാക്ഷി പറയുമെന്ന് ഹദീസിലുണ്ട്. നിറകണ്ണുകളോടെ, വ്രണിത ഹൃദയത്തോടെ വിശുദ്ധ റമസാനെ യാത്രയാക്കുമ്പോൾ വിശ്വാസിയുടെ ഉള്ളകങ്ങൾ വല്ലാതെ വിങ്ങുകയും വേദനിക്കുകയും ചെയ്യും. കാരണം, റമസാൻ പ്രതികൂലമായവൻ പരലോകത്ത് രക്ഷപ്രാപിക്കില്ല. ഒരിക്കല്‍ മുത്ത് നബി(സ) മിമ്പറില്‍ കയറി മൂന്ന് തവണ “ആമീന്‍’ എന്ന് പറയുകയുണ്ടായി. എന്തിനാണ് അവിടുന്ന് ഇങ്ങനെ “ആമീന്‍’ പറഞ്ഞതെന്ന് അനുചരന്മാര്‍ ചോദിച്ചപ്പോള്‍ തിരുമൊഴി ഇങ്ങനെയായിരുന്നു:
“ജിബ്‌രീല്‍(അ) എന്റെയരികില്‍ വന്ന് മൂന്ന് കാര്യങ്ങള്‍ പ്രാർഥിക്കുകയും മൂന്നിനും ആമീന്‍ പറയാന്‍ എന്നോടാവശ്യപ്പെടുകയും ചെയ്തു. വിശുദ്ധ റമസാനില്‍ ജീവിക്കാനവസരം ലഭിച്ച് ആ മാസം വിടപറയുമ്പോഴേക്കും തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാത്ത മനുഷ്യന്‍ നശിച്ചുപോകട്ടെയെന്നായിരുന്നു അതിലൊരു പ്രാർഥന.’ (തിർമിദി)

റമസാനിലെ അവസാനരാത്രിക്ക് ഏറെ പവിത്രതയുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. മനുഷ്യരുടെ നഷ്ടത്തെ കുറിച്ചോര്‍ത്ത് ആകാശവും ഭൂമിയും മലക്കുകളും സര്‍വ വസ്തുക്കളും കരയുന്ന രാത്രിയാണത്. പെരുന്നാളിന്റെ രാത്രി അല്ലാഹു പ്രത്യേക മാലാഖമാരെ ഭൂമിയിലേക്കിറക്കുമെന്നും അവര്‍ നോമ്പുകാര്‍ക്ക് അല്ലാഹുവിന്റെ സന്തോഷ വാര്‍ത്തയറിയിക്കുമെന്നും ഹദീസുകളിലുണ്ട്.
ആരാധനയുടെ കവാടം നോമ്പാണ് (ഇത്ഹാഫ്). പ്രതിഫലത്തിൽ വ്യത്യാസമുണ്ടെങ്കിലും റമസാനിൽ ശീലിച്ച ആരാധനകളിൽ പലതും ശേഷക്കാലവും പതിവാക്കാവുന്നതാണ്. സംസാര നിയന്ത്രണം, ഖുർആൻ പാരായണം, സുന്നത്ത് നിസ്‌കാരങ്ങൾ, നോമ്പുകൾ, ദാനധർമങ്ങൾ, പരോപകാരം, ഇഅ്തികാഫ്, മിതത്വം, തെറ്റുകളിൽ നിന്ന് അകലം പാലിക്കൽ തുടങ്ങിയവയെല്ലാം അതിൽപ്പെടും. ഇസ്‌ലാമിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന കർമമായ ഫിത്വർ സകാത്ത്, റമസാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ (നവജാത ശിശുവിനടക്കം) നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണ് (തുഹ്ഫ). വിശുദ്ധ റമസാനിലെ അവസാന പകലിലെ സൂര്യാസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: “മുസ്‌ലിംകളിലെ അടിമയും സ്വതന്ത്രനും പുരുഷനും സ്ത്രീയും ചെറിയവരും വലിയവരും ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാര്‍ലിയോ ഫിത്വർ സകാത്ത് നല്‍കല്‍ നബി(സ) നിര്‍ബന്ധമാക്കി. ജനങ്ങൾ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പ് അത് കൊടുക്കണമെന്നും അവിടുന്ന് കല്‍പ്പിച്ചു'(ബുഖാരി). ആഘോഷദിനമായ പെരുന്നാളിൽ ഒരാളും പട്ടിണികിടക്കരുതെന്ന മഹിതമായ സന്ദേശമാണ് ഇത് നൽകുന്നത്. ദരിദ്രരും ധനികരും തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു.

സഹ്‌വിന്റെ സുജൂദ് നിസ്കാരത്തിലെ കുറവ് പരിഹരിക്കുന്ന പോലെ നോമ്പിലെ ന്യൂനതകള്‍ക്കുള്ള പരിഹാരം കൂടിയാണ് ഫിത്വര്‍ സകാത്ത്. (നിഹായ) ഫിത്വർ സകാത്ത് നല്‍കേണ്ട ചുമതല കുടുംബനാഥനാണ്. ശവ്വാൽ മാസം ഉദിച്ചതു മുതൽ പെരുന്നാൾ നിസ്കാരം വരെ തക്ബീർ ചൊല്ലൽ വളരെയധികം പ്രതിഫലാർഹമാണ്. ഒരു മാസം നീണ്ടുനിന്ന ഉപവാസത്തിന് ശക്തിയും ആരോഗ്യവും നല്‍കിയ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് തക്ബീറിലൂടെ ചെയ്യുന്നത്. വിശുദ്ധ റമസാൻ മാസം പൂർത്തീകരിക്കാനും യജമാനനെ അനുസരിക്കാനും അവസരം ലഭിച്ചതിനുള്ള അടിമയുടെ നന്ദിയാണ് തക്ബീറിലൂടെ സാധ്യമാകുന്നതെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. വിശുദ്ധ റമസാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യവും ധാര്‍മിക വിശുദ്ധിയും സദാചാര ബോധവും സ്വല്‍സ്വഭാവ ശീലവും ആരാധനാ നിഷ്ഠയും ശിഷ്ടകാല ജീവിതത്തിൽ പ്രായോഗികമാക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ !