Poonthura Siraj
വിടപറഞ്ഞത് സേവനരംഗത്തെ സജീവ സാന്നിധ്യം
രാഷ്ട്രീയ നേതാവ് എന്നതിലുപരി സേവന രംഗത്ത് സജീവ സാന്നിധ്യമായി ജനമനസ്സില്‍ ഇടം നേടിയ നേതാവായിരുന്നു പൂന്തുറ സിറാജ്.
വിഴിഞ്ഞം | രാഷ്ട്രീയ നേതാവ് എന്നതിലുപരി സേവന രംഗത്ത് സജീവ സാന്നിധ്യമായി ജനമനസ്സില്‍ ഇടം നേടിയ നേതാവായിരുന്നു പൂന്തുറ സിറാജ്. നിസ്വരായ ജനങ്ങള്‍ക്കൊപ്പം എന്നും നിന്ന നേതാവ് എന്ന നിലയിലാണ് പൂന്തുറ സിറാജ് ഓർമിക്കപ്പെടുന്നത്. രാഷ്ട്രീയ, സാമൂഹിക, സേവന രംഗത്ത് നിറഞ്ഞുനിന്നിരുന്ന സിറാജ് കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തില്‍ കടന്നത്.
കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കച്ചവടത്തില്‍ സജീവമായപ്പോഴും സിറാജ് രാഷ്ട്രീയ പ്രവര്‍ത്തനത്തോട് താത്പര്യം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം നേതാവായിരുന്നു. പിന്നീട് പീഡിത ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അബ്ദുന്നാസര്‍ മഅ്ദനിയുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായി പി ഡി പിയില്‍ ചേരുകയായിരുന്നു. പി ഡി പി രൂപവത്കരണം മുതല്‍ സജീവമായി രാഷ്ട്രീയ രംഗത്ത് പി ഡി പിയുടെ നായകത്വം വഹിച്ചു.
നാട്ടുകാരുടെ ക്ഷേമത്തിനായി സജീവമായി ഇടപെട്ടിരുന്ന സ്വഭാവമാണ് സിറാജിനെ പൊതുരംഗത്ത് സ്വീകാര്യനാക്കിയത്. പി ഡി പിയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം നഗരസഭയില്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ച് കൗണ്‍സിലറായി. 1995, 2000, 2005 എന്നീ വര്‍ഷങ്ങളില്‍ മാണിക്യവിളാകം, അമ്പലത്തറ, പുത്തന്‍പള്ളി എന്നീ വാര്‍ഡുകളിലാണ് മത്സരിച്ച് വിജയിച്ചത്.
പാര്‍ട്ടി വൈസ് ചെയര്‍മാനായതോടെ 2006ല്‍ നഗരസഭാ അംഗത്വം രാജിെവച്ചു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ആക്ടിംഗ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അടുത്ത സമയത്ത് പി ഡി പി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നുവെങ്കിലും കഴിഞ്ഞയാഴ്ച പി ഡി പിയിലേക്ക് തന്നെ മടങ്ങിവരികയും സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുകയും ചെയ്തു.
അബ്ദുന്നാസര്‍ മഅ്ദനിയുടെ ഭാര്യാ സഹോദരിയെയാണ് സിറാജ് വിവാഹം ചെയ്തത്.മഅ്ദനി ജയിലില്‍ ആയതിനാല്‍ മഅ്ദനിയുടെ സാന്നിധ്യം ആഗ്രഹിച്ച് കോയമ്പത്തൂര്‍ ജയിലില്‍ വെച്ചായിരുന്നു വിവാഹ കർമങ്ങള്‍ നടത്തിയത്. രാഷ്ട്രീയത്തിന് പുറമേ സാമൂഹിക സേവന രംഗത്തും സിറാജ് സജീവമായിരുന്നു. പൂന്തുറ പുത്തന്‍ പള്ളി മഹല്ല് ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.
പാന്‍ക്രിയാസില്‍ രൂപപ്പെട്ട മുഴ നീക്കം ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 4:30ഓടെ അമ്പലത്തറ അല്‍ ആരിഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു.
നാസര്‍ വിഴിഞ്ഞം