Kerala
ഭാവഗായകന്‍ പി ജയചന്ദ്രന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു
ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്ക് തന്നെ ചടങ്ങുകള്‍ തുടങ്ങുകയായിരുന്നു.
തൃശൂര്‍| ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം നടന്നു. വടക്കന്‍ പറവൂരിലെ ചേന്ദമംഗംലം പാലിയം തറവാട്ടിലെ കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്ക് തന്നെ ചടങ്ങുകള്‍ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. അവിടെ നിന്ന് മൃതദേഹം പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതദേഹം സംഗീത നാടക അക്കാദമിയുടെ റീജനല്‍ തിയേറ്ററിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചു. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി വന്‍ ജനാവലിയാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അനശ്വര പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൂങ്കുന്നത്തെ വീട്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ ഏഴ് മണിയോടെയാണ് പറവൂരിലെ ചേന്ദമംഗലം പാലിയം തറവാട്ടിലേക്ക് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട സ്‌കൂളിലും അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും നെഞ്ചേറ്റി വിങ്ങുന്നമനസ്സുമായി അനേകം മനുഷ്യരാണ് അന്ത്യയാത്രക്കായി കാത്തിരുന്നത്.