Kerala
ധീര ജവാന് വിട; കെ വി അശ്വിന് യാത്രാമൊഴിയേകാനെത്തിയത് ആയിരങ്ങള്‍
മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ചെറുവത്തൂര്‍ | അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ കെ വി അശ്വിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇന്നലെ രാത്രിയോടെ കാസര്‍കോട് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനശാലയിലെ പൊതുദര്‍ശനത്തിനു ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ചെറുവത്തൂര്‍ കിഴേക്കമുറികാട്ടുവളപ്പില്‍ അശോകന്റെ മകനാണ് അശ്വിന്‍. സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ അശ്വിന്‍ മരിച്ച വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. 19ാം വയസില്‍ ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായാണ് അശ്വിന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുമ്പാണ് മടങ്ങിയത്.