Connect with us

Siraj Article

വിടപറഞ്ഞത് ഭൗതികശാസ്ത്രത്തിലെ മലയാളി പ്രതിഭ

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള നിരന്തര ഗവേഷണങ്ങളിൽ മുൻനിരയിൽ നിന്ന ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കരമനയിൽ പരിമിതമായ ചുറ്റുപാടിൽ ഒരു വാടകവീട്ടിൽ ബാല്യം ചെലവിട്ട് ധിഷണയുടെ മികവിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞനായി തന്റെ സ്ഥാനം രേഖപ്പെടുത്തിയ പ്രതിഭാശാലിയാണ് താണു പത്മനാഭൻ. കരമന പുളിമൂട്ടിൽ തെരുവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ താണു അയ്യരുടേയും വീട്ടമ്മയായ ലക്ഷ്മിയുടേയും മകനായി 1957ലാണ് താണു പത്മനാഭൻ പിറന്നത്. പിതാവിൽ നിന്നും പകർന്നു കിട്ടിയ ഗണിതശാസ്ത്ര താത്പര്യം പിന്നീട് ഭൗതികശാസ്ത്രത്തിലേക്കുളള വാതിലുകൾ തുറന്നിടുകയായിരുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കാൽക്കുലസ് മനസ്സിലാക്കിയിരുന്നു. പിതാവിന്റെ ബന്ധുവായ നീലകണ്ഠ ശർമ്മയാണ് ശാസ്ത്രത്തിന്റ പ്രാധാന്യം താണുവിനെ ബോധ്യപ്പെടുത്തിയത്. വായിക്കാൻ പ്രേരിപ്പിച്ച കരമന ഹൈസ്‌കൂളിലെ അധ്യാപകരും ഗ്രാമത്തിലെ എസ് എം ആർ വി ലൈബ്രറിയും താണുവിന്റെ വായനയെ പരിപോഷിപ്പിച്ചു.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ നാഷനൽ സയൻസ് ടാലന്റ് സ്‌കോളർഷിപ്പ് ലഭിച്ചു. ഫിസിക്‌സ് മുഖ്യവിഷയമായെടത്ത് യൂനിവേഴ്‌സിറ്റി കോളജിൽ ബി എസ് സിക്ക് ചേർന്നു. ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ എം എസ് സിക്ക് പഠിക്കുന്ന സീനിയർ വിദ്യാർഥികൾക്ക് ക്ലാസുകൾ എടുത്തു. ഡിഗ്രി പഠനകാലത്ത് എഴുതിയ പ്രബന്ധം ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ ജേണലിൽ പ്രസിദ്ധികരിച്ചു വന്നു.

ബി എസ് സിക്കും എം എസ് സിക്കും ഒന്നാം റാങ്കും സ്വർണമെഡലും നേടിയ അദ്ദേഹം 1979ൽ ബോംബെയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ(ടി ഐ എഫ് ആർ) ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ജയന്ത് നാർലിക്കറായിരുന്നു അവിടെ അദ്ദേഹത്തിന്റെ ഗുരു. ടി ഐ എഫ് ആറിൽ വെച്ച് തന്നെക്കാൾ ഒരു വർഷം ജൂനിയറായി പി എച്ച് ഡിക്ക് ചേർന്ന വാസന്തിയുമായി പത്മനാഭൻ പ്രണയത്തിലായി. 1983 മാർച്ചിൽ വിവാഹം. വ്യക്തിപരമായി മാത്രമല്ല, പത്മനാഭന്റെ അക്കാദമിക ജീവിതത്തിലും വാസന്തി സ്വാധീനം ചെലുത്തി.

പിൽക്കാലത്ത് പത്മനാഭൻ രചിച്ച എല്ലാ അക്കാദമിക് ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നിൽ വാസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേർന്ന് 2019ൽ ദി ഡോൺ ഓഫ് സയൻസ് എന്ന പോപുലർ സയൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഹംസ പത്മനാഭൻ എന്ന ഏക മകളാണ് താണു പത്മാനാഭൻ വസന്ത ദമ്പതികൾക്കുളളത്. മാതാപിതാക്കളെ പോലെ ഹംസയും അസ്‌ട്രോഫിസിക്‌സിൽ പി എച്ച് ഡി നേടിയ ഗവേഷകയാണ്.
200 വർഷം നിലനിന്ന ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ തത്വശാസ്ത്രം 1915ൽ ആൽബർട്ട് ഐൻസ്റ്റൈൻ കൊണ്ടു വന്ന പൊതു ആപേക്ഷിക സിദ്ധാന്തത്തോടെയാണ് തിരുത്തപ്പെടുന്നത്.
ഈ കാലഘട്ടത്തിൽ തന്നെയാണ് സൂക്ഷ്മ പ്രപഞ്ചത്തിലെ അടിസ്ഥാന ഘടകങ്ങളായ ഇലക്ടോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയപ്പറ്റി വെളിച്ചം വീശുന്ന ക്വാണ്ടം തിയറിയും പുറത്തു വരുന്നത്. എന്നാൽ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം തിയറിയും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടായിരുന്നു.

ഈ തത്വശാസ്ത്രങ്ങളുടെ ഏകീകരണം സാധ്യമാക്കുന്ന ക്വാണ്ടം തിയറി ഓഫ് ഗ്രാവിറ്റിയിൽ ഗണ്യമായ സംഭാവന നൽകി ലോകശ്രദ്ധയാകർഷിച്ച വിഖ്യാത ശാസ്ത്രജ്ഞൻ എന്ന നിലയിലാണ് ശാസ്ത്ര ലോകം താണു പത്മനാഭനെ കാണുന്നത്. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണ് ഏറ്റവും പ്രധാന സംഭാവന.

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള നിരന്തര ഗവേഷണങ്ങളിൽ മുൻനിരയിൽ നിന്ന ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

ആഫ്ടർ ദി ഫസ്റ്റ് ത്രീ മിനിട്‌സ് ദ സ്‌റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ് (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിന്റെകഥ), തിയററ്റിക്കൽ ആസ്‌ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ പസിദ്ധമാണ്.
ഉന്നത ഗവേഷണത്തിനായി ഇന്ത്യക്ക് പുറത്തു പോകുന്ന പതിവ് രീതികളെ തഴഞ്ഞ് രാജ്യത്തിനകത്ത് തന്നെ ഗവേഷണം തുടർന്ന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കിയ പ്രതിഭയായിരുന്നു താണു പത്മനാഭൻ.