National
കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു
സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് താത്കാലിക ജയിലുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി| നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു. പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭു അതിര്‍ത്തിയില്‍ നിന്നാണ് കര്‍ഷകര്‍ മാര്‍ച്ച് തുടങ്ങിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങു വില ഉറപ്പാക്കുന്ന നിയമം ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ രാത്രി കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
കാലങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് എതിരായ എഫ്ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകള്‍ മാര്‍ച്ചിനായി അണിനിരത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു.
സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ 15 ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ നിരത്തുകയും ചെയ്തു. കൂടാതെ കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എന്നിവയെല്ലാം അതിര്‍ത്തികളില്‍ സ്ഥാപിച്ചു. രണ്ട് താത്കാലിക ജയിലുകളും നിര്‍മ്മിച്ചിട്ടുണ്ട്. സിഎപിഎഫ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ബറ്റാലിയനുകള്‍ എന്നിവരുള്‍പ്പെടെ 2,000 ഉദ്യോഗസ്ഥ സേനയെയും വിന്യസിച്ചിട്ടുണ്ട്.