Connect with us

കര്‍ഷകരുടേത് രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ

എന്തുകൊണ്ട് രണ്ടാം കര്‍ഷക പ്രക്ഷോഭം? ഈ ചോദ്യം സ്വാഭാവികമായും ഉയരുന്നതാണ്.

Published

|

Last Updated

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു പ്രതിപക്ഷമുണ്ടെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി ആയിരക്കണക്കിന് ട്രാക്ടര്‍ ട്രോളികള്‍ ഡല്‍ഹിയിലേക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു. എന്തുകൊണ്ട് രണ്ടാം കര്‍ഷക പ്രക്ഷോഭം? ഈ ചോദ്യം സ്വാഭാവികമായും ഉയരുന്നതാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഒരു പ്രക്ഷോഭത്തിന്റെ ഒടുവില്‍ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും വൈദ്യുതി നിയമ ഭേദഗതികളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല.

ട്രാക്ടറുകളില്‍ കെട്ടിവെച്ചിരിക്കുന്ന ഉച്ചഭാഷിണിയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ഏതൊരു ദുര്‍ഘട പ്രതിസന്ധിയെയും നേരിടാന്‍ കര്‍ഷക ജനതയെ പ്രാപ്തരാക്കുന്ന, അവരുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശസ്തമായ ആ വരികളും മുഴങ്ങിക്കേള്‍ക്കാം: ‘നാനക് നാം ചട്ദി കല; തേരാ ഭനേ സര്‍ബത് ദാ ഭലാ’. ‘ചട്ദി കല’ എന്നതിനെ ‘ഗുണാത്മക സമീപനം അഥവാ എല്ലാം ശരിയാകും എന്ന ആത്മവിശ്വാസം’ എന്നൊക്കെ പരിഭാഷപ്പെടുത്താം.

വ്യക്തിനിഷ്ഠ മനോനിലക്കപ്പുറത്ത്, കൂട്ടായ്മയുടെ, സമഷ്ടിയുടെ ശുഭാപ്തി വിശ്വാസത്തെ, നിശ്ചയദാര്‍ഢ്യത്തെ, അത് പ്രതിനിധാനം ചെയ്യുന്നു. വിജയം വരെയും സമരം ചെയ്യാനുള്ള കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തെ, ആത്യന്തിക വിജയം തങ്ങളുടേതായിരിക്കുമെന്ന അവരുടെ ശുഭാപ്തി വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന താക്കോല്‍ വാക്കായി ‘ചട്ദി കല’ കര്‍ഷക പ്രക്ഷോഭങ്ങളിലെങ്ങും എപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.

പത്ത് ആവശ്യങ്ങള്‍
രണ്ടാം പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 13ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു തുടങ്ങി. 2021 ഡിസംബറില്‍ ഒരു വര്‍ഷം നീണ്ടു നിന്ന സമരം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഒരു ഉറപ്പും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 200ഓളം കര്‍ഷക സംഘടനകള്‍ വീണ്ടും ദില്ലി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ കര്‍ഷകര്‍ക്കൊപ്പം തൊഴിലാളി യൂനിയനുകളും അണിചേര്‍ന്നിരിക്കുന്നു. രണ്ടാം ഘട്ട കര്‍ഷക പ്രക്ഷോഭത്തില്‍ കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര സര്‍ക്കാറിന്റെ മുന്നില്‍ പത്ത് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

1. മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പാക്കുക. 2. 2020-21 കാലയളവിലെ കര്‍ഷക പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ക്കെതിരെ രാജ്യവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുക. 3. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്ക് ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കുക. 4. വൈദ്യുതി (ഭേദഗതി) നിയമം, 2023 റദ്ദാക്കുക. 5. സി 2+50 ശതമാനം ഫോര്‍മുലയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് താങ്ങുവില നടപ്പാക്കുക. 6. രാജ്യവ്യാപകമായി മുഴുവന്‍ കര്‍ഷകരുടെയും തൊഴിലാളി സമൂഹത്തിന്റെയും വായ്പകള്‍ എഴുതിത്തള്ളുക. 7. ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ നിന്ന് പുറത്തുപോകുക. 8. കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതും ഇന്ത്യന്‍ കര്‍ഷകരെ ദ്രോഹിക്കുന്നതും അവസാനിപ്പിക്കുക. 9. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക. 10. 2013ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരുജ്ജീവിപ്പിക്കുക.

2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ മോദി പറഞ്ഞത് അഞ്ച് വര്‍ഷങ്ങള്‍ക്കകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നാണ്. ഫലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ അത് പാതിയില്‍ താഴെ ആയിരിക്കുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ പൂര്‍ണമായും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന നിയമ നിര്‍മാണങ്ങള്‍ക്ക് താത്കാലികമായി തടയിടാന്‍ 2020-21ലെ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചുവെങ്കിലും കാര്‍ഷിക മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കാര്‍ഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ചെയ്യേണ്ടത് നിലവിലുള്ള മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുക എന്നതാണ്. (50 ശതമാനം ഗ്രാമീണ കുടുംബങ്ങളുടെ കൈവശം മൂന്ന് ശതമാനം ഭൂമി മാത്രമാണ് ഇപ്പോഴുള്ളതെന്നറിയുക). അതുപോലെത്തന്നെ, വ്യാവസായിക വികസനത്തിന്റെ പേരില്‍ കാര്‍ഷിക വനഭൂമി കോര്‍പറേറ്റ് മേഖലയിലേക്ക് തിരിച്ചുവിടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും പശുവളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ചവര്‍ക്കും വനങ്ങളിലേക്കുള്ള മേച്ചില്‍ അവകാശങ്ങളും പൊതുഭൂമിയിലേക്കുള്ള അവരുടെ പ്രവേശനവും ഉറപ്പു വരുത്തേണ്ടതുണ്ട്.

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ പാരിസ്ഥിതിക, കാലാവസ്ഥാ, വിപണന ഘടകങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ദേശീയ ഭൂവിനിയോഗ നയം രൂപവത്കരിക്കുകയും അവ നടപ്പാക്കുന്നതിനായി നാഷനല്‍ അഡൈ്വസറി കമ്മിറ്റി സ്ഥാപിക്കുകയും ചെയ്യുക. ഭൂമിയുടെ അളവ്, നിര്‍ദിഷ്ട ഉപയോഗത്തിന്റെ സ്വഭാവം, വാങ്ങുന്ന വ്യക്തിയുടെ സാമ്പത്തിക, സാമൂഹിക പദവി എന്നിവ അടിസ്ഥാനമാക്കി കാര്‍ഷിക ഭൂമിയുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം രൂപവത്കരിക്കുക. കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍ കണക്കാക്കിയ ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തിന് മുകളില്‍ കര്‍ഷകര്‍ക്ക് മിനിമം സഹായ വില നല്‍കുക.

‘സി2’ വില എന്ന് വിശേഷിപ്പിക്കുന്ന ഈ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത് കാര്‍ഷിക ജോലികള്‍ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്ന, പണം, വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, കൂലിപ്പണികള്‍, ഇന്ധനം, ജലസേചനം എന്നിവയോടൊപ്പം കൂലിയില്ലാത്ത കുടുംബ തൊഴിലാളികളുടെ ചെലവും വാടക, പലിശ, സ്ഥിര മൂലധന ആസ്തികളുടെ മൂല്യത്തകര്‍ച്ച എന്നിവയും ചേര്‍ത്താണ്. കര്‍ഷകര്‍ക്ക് നല്‍കേണ്ട മിനിമം സഹായ വില കണക്കാക്കുന്നതിന് ഈ മൊത്തം ചെലവിന്റെ അമ്പത് ശതമാനം കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. നിലവില്‍, അവരുടെ ഭൂമിയുടെ വാടകച്ചെലവും മൂലധനത്തിന്റെ പലിശയും കുറഞ്ഞ സഹായവിലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരു വര്‍ഷത്തില്‍ ശരാശരി ഇന്ത്യന്‍ കര്‍ഷകന്റെ വരുമാനം 77,124 രൂപ അല്ലെങ്കില്‍ പ്രതിമാസം 6,427 രൂപയാണെന്ന് സര്‍ക്കാര്‍ സര്‍വേകള്‍ കാണിക്കുന്നു. അവരുടെ പ്രതിമാസ ചെലവ് 6,223.161 രൂപയും! ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ അവസ്ഥ എത്ര നിരാശാജനകമാണ് എന്നതിന്റെ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. മേല്‍പ്പറഞ്ഞ അടിസ്ഥാന പ്രശ്നങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കര്‍ഷകരെ ദുരിതക്കയങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതിന് പകരം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സമരത്തെ നേരിടാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഹരിയാനയില്‍ ഒരു പുതിയ ജയില്‍ തന്നെ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. പ്രധാന പാതകളിലെല്ലാം കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിറച്ച് അതിനു മുകളില്‍ മുള്ളുകളുള്ള കമ്പി വലകള്‍ ഇട്ടിരിക്കുന്നു. ആയിരക്കണക്കിന് പോലീസുകാര്‍ ഈ ബാരിക്കേഡിനു (മോദിക്കേഡ് എന്നാണ് തമാശയായി കര്‍ഷകര്‍ ഇതിനെ വിളിക്കുന്നത്) പുറത്ത് കാവല്‍ നില്‍ക്കുന്നു. ഡല്‍ഹി ഭാവന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ആം ആദ്മി സര്‍ക്കാര്‍ നിരസിച്ചിരിക്കുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും ആം ആദ്മി സര്‍ക്കാര്‍ പറയുന്നു.

സമരത്തെ നേരിടാന്‍ വിചിത്രമായ ചില മാര്‍ഗങ്ങള്‍ സര്‍ക്കാറും ഭരണ കക്ഷിയും സ്വീകരിക്കുന്നുണ്ട്. കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് പൗരന്മാരുടെ ദൈനംദിന ജീവിതത്തിന് ശല്യം സൃഷ്ടിക്കുന്നു എന്നാരോപിച്ച് ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗര്‍വാല സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സംഘ്പരിവാരങ്ങള്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായി കലാപങ്ങള്‍ സൃഷ്ടിച്ച അവസരങ്ങളിലൊന്നും ഒരു വാക്ക് പോലും ഉരിയാടാത്ത ആദിഷ് അഗര്‍വാല രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.

ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തെഴുതുന്ന അനാവശ്യ പ്രവണത സംബന്ധിച്ച് 2023 ഡിസംബര്‍ എട്ടിന് അഗര്‍വാല എഴുതിയതിങ്ങനെ: ‘നീതിന്യായ വ്യവസ്ഥയില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുന്നതിനായി ഇന്ത്യയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തുകള്‍ എഴുതുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ടെന്നും, സ്വാധീനമുള്ള ചില വ്യവഹാരക്കാരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരം കത്തുകള്‍ എഴുതുന്നതെന്നും’ ആയിരുന്നു അഗര്‍വാലയുടെ ആരോപണം. ആരുടെ സമ്മര്‍ദത്തിന്മേലാണ് ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സ്വന്തം നിലപാട് മാറ്റി ഇത്തരമൊരു കത്തെഴുതിയതെന്ന് വ്യക്തമാണല്ലോ.

‘പഞ്ചാബിലെ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പത്ര റിപോര്‍ട്ടുകള്‍ അനുസരിച്ച്, ഹരിയാനയില്‍ അവര്‍ക്കായി ജയിലുകള്‍ ഒരുക്കുന്നുണ്ട്, ബാരിക്കേഡുകളുണ്ട്, അവരെ തടയാന്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവര്‍ കര്‍ഷകരാണ്; കുറ്റവാളികളല്ല. അവരോട് സംസാരിക്കാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാകണം’, ഡെവലപ്മെന്റല്‍ ഇക്കണോമിസ്റ്റും എം എസ് സ്വാമിനാഥന്റെ മകളുമായ മഥുര സ്വാമിനാഥന്‍ കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞു. ഡോക്ടര്‍ എം എസ് സ്വാമിനാഥന് ഭാരതരത്ന കൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ അദ്ദേഹം കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാറിന് നല്‍കിയ ശിപാര്‍ശകള്‍ ഇതുവരെ നടപ്പാക്കുന്നില്ല എന്നതും ഒരു വിരോധാഭാസം മാത്രം. ഒന്നാം സമരമെന്ന പോലെ സര്‍വ സന്നാഹങ്ങളുമായിട്ടാണ് അവര്‍ എത്തുന്നത്. എത്ര ദീര്‍ഘകാലം വേണമെങ്കിലും സമരം തുടരാന്‍ അവര്‍ക്ക് സാധിക്കും. കാരണം ഇതവരുടെ ജീവന്മരണ പോരാട്ടമാണ്.
(തുടരും)

 

Latest