National
കര്‍ഷക ബന്ദ്: പഞ്ചാബില്‍ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി
കര്‍ഷക നേതാവ് ജഗജീത് സിംഗ് ദല്ലേവാളിന്റെ നിരാഹാരം തുടരുന്നു
ന്യൂഡല്‍ഹി | കര്‍ഷക ബന്ദില്‍ പഞ്ചാബ് നിശ്ചലം. പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ റോഡുകള്‍ ഉപരോധിച്ചു. ബന്ദിനെത്തുടര്‍ന്ന് പഞ്ചാബില്‍ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി. പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. മാര്‍ക്കറ്റുകളെല്ലാം വൈകുന്നേരം വരെ അടഞ്ഞുകിടന്നു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജീത് സിംഗ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ എം എം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) എന്നീ സംഘടനകള്‍ കര്‍ഷക ബന്ദ് ആചരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങിയ ബന്ദ് വൈകിട്ടോടെ അവസാനിക്കും.
ഖനൗരി അതിര്‍ത്തിയില്‍ 33 ദിവസമായി നിരാഹാരം തുടരുകയാണ് ദല്ലേവാള്‍. ആരോഗ്യം അപകടകരമാംവിധം വഷളായിട്ടും കര്‍ഷക പ്രശ്‌ന പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഞ്ചാബ് മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന് ദല്ലേവാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു.