National
കാലാവസ്ഥാ വ്യതിയാനത്തില്‍ വലഞ്ഞ് പഞ്ചാബിലെ കൃഷിക്കാര്‍, വിളവ് കുറയും: പഠനം
കാലാവസ്ഥാ വ്യതിയാനം കാര്‍ഷികോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് കര്‍ഷക സമൂഹത്തിന് ഭീഷണിയാണെന്നും ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു.

ന്യൂഡല്‍ഹി| കാലാവസ്ഥാ വ്യതിയാനത്തില്‍ വലഞ്ഞ് പഞ്ചാബിലെ കൃഷിക്കാര്‍. പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സമീപകാല പഠനമനുസരിച്ച് പഞ്ചാബിലെ ഖാരിഫ്, റാബി വിളകളുടെ ഉല്‍പാദനത്തില്‍ വരും വര്‍ഷങ്ങളില്‍ ഇടിവ് അനുഭവപ്പെടാന്‍ ഇടയാക്കുമെന്ന് കണ്ടെത്തി.
‘കാലാവസ്ഥാ വ്യതിയാനവും പഞ്ചാബിലെ പ്രധാന ഖാരിഫ്, റാബി വിളകളുടെ ഉല്‍പാദനക്ഷമതയില്‍ അതിന്റെ സ്വാധീനവും’ എന്ന തലക്കെട്ടിലുള്ള പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മിക്ക വിളകളുടെ ശരാശരി താപനില വര്‍ധിക്കുന്നതിനനുസരിച്ച് ഉത്പാദനക്ഷമത കുറയുന്നു. കാലാവസ്ഥാ വ്യതിയാനം കാര്‍ഷികോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് കര്‍ഷക സമൂഹത്തിന് ഭീഷണിയാണെന്നും ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു.
2035ഓടെ 1 മുതല്‍ 10 ശതമാനം വരെയും, 2065-ഓടെ 3 മുതല്‍ 18 ശതമാനം വരെയും, 2100-ഓടെ 4 മുതല്‍ 26 ശതമാനം വരെയും, എല്ലാ പ്രധാന വിളകളുടെയും വിളവ് കുറയുമെന്ന് ജേണല്‍ ഓഫ് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ (ഐഎംഡി) പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. അതുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും കര്‍ഷകരുടെ ഉപജീവനത്തെയും ഈ മേഖലയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കി.