Connect with us

National

ബി ജെ പി സ്ഥാനാർഥികൾക്കെതിരെ കർഷക രോഷം; ഇങ്ങോട്ട് വരേണ്ട!

ബഹിഷ്‌കരണ സമരം കൂടുതലിടങ്ങളിലേക്ക്

Published

|

Last Updated

ന്യൂഡൽഹി | കർഷക പ്രക്ഷോഭം നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ബഹിഷ്‌കരണം നേരിട്ട് ബി ജെ പി സ്ഥാനാർഥികൾ. ഇരു സംസ്ഥാനങ്ങളിലെയും പല ഗ്രാമങ്ങളിലും ബി ജെ പി സ്ഥാനാർഥികൾക്ക് പ്രചാരണം നടത്താൻ കഴിയാത്ത സ്ഥിതി വിശേഷം നിലനിൽക്കുന്നുണ്ട്. പ്രചാരണത്തിനെത്തുന്ന ബി ജെ പി സംഘങ്ങളോട് കർഷകർ താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കുന്നു. ചിലയിടങ്ങളിൽ പ്രചാരണ വാഹനങ്ങൾ തടയുന്നു, നേതാക്കളെ ഇറക്കി വിടുന്നു.

ബഹിഷ്‌കരണം പടർന്നതോടെ പല ഗ്രാമങ്ങളിലേക്കും ബി ജെ പി പ്രചാരണ സംഘങ്ങൾ കനത്ത സുരക്ഷയിലാണ് പോകുന്നത്. പഞ്ചാബിലെ മാൾവ, മജ മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും കരിങ്കൊടി കാണിക്കുന്നുവെന്നും വ്യക്തമാക്കി സംസ്ഥാന ബി ജെ പി അധ്യക്ഷൻ സുനിൽ ഝാഖർ ഈ മാസം ആറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പ്രചാരണത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ബി ജെ പി ആരോപിച്ചിരുന്നു. അതേസമയം, പ്രചാരണ വേളയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന കർഷകർക്ക് നേരെ സുരക്ഷാ സേനയുടെയും രാഷ്ട്രീയ ഗുണ്ടകളുടെയും കൈയേറ്റം നടക്കുന്നുവെന്നാരോപിച്ച് ബൽബീർ സിംഗ് രാജേവാളിന്റെ നേതൃത്വത്തിലുള്ള കർഷക പ്രതിനിധി സംഘവും പഞ്ചാബ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടിരുന്നു. എന്നാൽ, സ്ഥാനാർഥികളുടെ പ്രചാരണ സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നാണ് കർഷകരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്. ഹരിയാനയിലും ബി ജെ പി സ്ഥാനാർഥികൾ പ്രതിരോധത്തിലാണ്. കഴിഞ്ഞയാഴ്ച, രോഷാകുലരായ കർഷകർ ബി ജെ പിയുടെ സോനിപത്തിലെ സ്ഥാനാർഥി മോഹൻ ലാൽ ബദോലിയുടെ റാലി തടസ്സപ്പെടുത്താൻ ശ്രമിച്ചു. പോലീസ് സഹായത്തോടെയാണ് സ്ഥാനാർഥിക്ക് ഇവിടെ നിന്ന് മടങ്ങാനായത്.

സിർസയിലെ ബി ജെ പി സ്ഥാനാർഥി അശോക് തൻവാർ, ഹിസാറിലെ സ്ഥാനാർഥി രഞ്ജിത് ചൗതാല, റോത്തകിലെ സ്ഥാനാർഥി അരവിന്ദ് ശർമ, കർണാലിലെ സ്ഥാനാർഥി മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവർ കർഷകരിൽ നിന്ന് കരിങ്കൊടിയും മുദ്രാവാക്യങ്ങളും നേരിടുന്നത് പതിവായിട്ടുണ്ട്. പ്രതിഷേധം ബി ജെ പിക്കുള്ള പിന്തുണ വർധിപ്പിക്കുകയേയുള്ളൂവെന്നാണ് ഖട്ടാർ അടുത്തിടെ പ്രതികരിച്ചത്. ഈ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്താണ് സംസ്ഥാനത്ത് മൂന്ന് സ്വതന്ത്ര എം എൽ എമാർ ബി ജെ പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്സിനൊപ്പം ചേർന്നത്.

ബി ജെ പിയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2020ലെ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയിലെ ഒരു വിഭാഗമാണ് തിരഞ്ഞെടുപ്പ് കാലത്തും പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. മിനിമം താങ്ങുവിലക്ക് (എം എസ് പി) നിയമപരമായ ഗ്യാരന്റി തേടിയുള്ള ദില്ലി ചലോ മാർച്ച് പഞ്ചാബിനും ഹരിയാനക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ ഇപ്പോഴും തുടരുന്നുണ്ട്. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലും കാണുമെന്നുറപ്പാണ്.

 

Latest