National
ബുധനാഴ്ച കര്‍ഷക സമരം പുനരാരംഭിക്കും; മാര്‍ച്ച് 10ന് രാജ്യവ്യാപകമായി ട്രെയിന്‍ ഉപരോധം
മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് ട്രെയിന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. കൂടുതല്‍ കര്‍ഷക സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും സര്‍വാന്‍ സിങ് പന്‍ഥേര്‍ അറിയിച്ചു. മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് ട്രെയിന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ശംഭു, ഖനൗരി, ദബ്വാലി എന്നീ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുകയും മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യുമെന്നും പന്‍ഥേര്‍ വ്യക്തമാക്കി. കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിനായുള്ള പ്രാര്‍ഥനാ യോഗത്തിനുശേഷമാണ് സര്‍വാന്‍ സിങ് പന്‍ഥേര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 29 വരെ ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാനായിരുന്നു കര്‍ഷകരുടെ തീരുമാനം. അതിനിടയിലാണ് ബുധനാഴ്ച സമരം പുനരാരംഭിക്കാന്‍ തീരുമാനമായത്.
ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയില്ലെന്നും വിഷയത്തില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും നേരത്തെ കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടേ പറഞ്ഞിരുന്നു.