Connect with us

National

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയ കര്‍ഷകരെ നോയിഡയില്‍ തടഞ്ഞു

താങ്ങുവില ഉറപ്പാക്കല്‍ നിയമം ,കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

Published

|

Last Updated

നോയിഡ| കേന്ദ്രത്തിനെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയ കര്‍ഷകരെ നോയിഡയില്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫ്ളൈ ഓവറിന് സമീപം നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഡല്‍ഹിയിലേക്ക് കടന്ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനായിരുന്നു കര്‍ഷകരുടെ നീക്കം. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയതിനാല്‍ തന്നെ കാല്‍ നടയായി അതിര്‍ത്തി കടക്കാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തിയത്. എന്നാല്‍ ഫ്ളൈ ഓവറിന് സമീപം ബാരിക്കേഡുകള്‍ വെച്ച് പോലീസ് കര്‍ഷകരെ തടയുകയായിരുന്നു.

നിലവില്‍ നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. താങ്ങുവില ഉറപ്പാക്കല്‍ നിയമം ,കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമരം ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പോലീസ് ആരംഭിച്ചിരുന്നു. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും കര്‍ഷകരുടെ പ്രതിഷേധ ആഹ്വാനം കണക്കിലെടുത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്‌. ഡ്രോണുകള്‍ വരെ ഉപയോഗിച്ചാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിടാനും പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Latest