vilayil faseela
അനശ്വര ഗാനംപോലെ വിളയില്‍ ഫസീല
ഈ മഹാഗായികയെ കലാകേരളം വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
കോഴിക്കോട് | ആസ്വാദക ഹൃദയങ്ങളില്‍ ഇശലിന്റെ തേന്‍മഴപെയ്യിച്ച സ്വരമാധുരിയുടെ ഉടമയായ വിളയില്‍ ഫസീല അനശ്വരഗാനം പോലെ അകലങ്ങളില്‍ മറഞ്ഞിരിക്കുന്നു. ഒരു ലക്ഷത്തിലധികം വേദികളിലായി ആയിരക്കണക്കിനു പാട്ടുകള്‍ പാടിയ ആ ഗായികയുടെ സ്വരമാധുരിക്കു മരണമില്ല. നീണ്ട അഞ്ചു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന സംഗീതയാത്രയില്‍ പ്രതിധ്വനിച്ച ആലാപന ശൈലി അനശ്വരമായിരിക്കും.
വി എം കുട്ടി എന്ന ഗായകന്‍ ഇല്ലായിരുന്നുവെങ്കില്‍ വിളയില്‍ ഫസീല എന്ന തന്റെ പേര് ജന ഹൃദയങ്ങളില്‍ ഈ വിധം മുഴങ്ങുകയില്ലായിരുന്നുവെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
1970-ല്‍ വിളയില്‍ പറപ്പൂര്‍ വി പി എ യു പി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പാട്ടുകാരിയുടെ വരവ് ലോകം ശ്രവിച്ചത്. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിനായി വി എം കുട്ടി മാഷിന് കുറച്ചു കുട്ടികളെ ആവശ്യമുണ്ടായിരുന്നു. ആ അന്വേഷണത്തില്‍ അദ്ദേഹം വിളയില്‍ പറപ്പൂര്‍ സ്‌കൂളിലുമെത്തി. കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷ് വഴി സൗദാമിനി ടീച്ചറിലൂടെ അന്വേഷണം സ്‌കൂളിലെത്തിയപ്പോള്‍ സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരിക്ക് അതൊരു പുതുവഴിയായിരുന്നു.
‘തേനൊഴുകുന്നൊരു നോക്കാലെ, തേവി നനക്ക്ണ പെണ്ണാളെ, കയറിട്ട പജ്ജിനെ കയ്ച്ചിട്ടതെന്തിന് പറയുക പൊന്നേ…’ എന്ന പാട്ട് അവള്‍ മാഷിന് പാടിക്കൊടുത്തു.ആ പാട്ടുകേട്ടു മാഷ് ടീമിലേക്കെടുത്തു. മാപ്പിളപ്പാട്ടുവഴിയിലേക്ക് തന്നെയെത്തിച്ച തേനൊഴുകുന്ന പാട്ടിന്റെ നോട്ടമായിരുന്നു അതെന്നു ആ പാട്ടുകാരി എന്നും ഓര്‍ത്തു.
പിന്നീട് മിക്കവാറും പുളിക്കലെ വി എം കുട്ടി മാഷിന്റെ വീട്ടിലെത്തി. അവിടെനിന്നു മാപ്പിളപ്പാട്ടിന്റെ ഹൃദയവികാരം അടുത്തറിഞ്ഞു.
ഇശലിനായി അറബി ഉച്ചാരണം കഠിനമായി പ്രയത്‌നിച്ചു തന്നെ പഠിച്ചെടുത്തു. മാഷിന്റെ സ്‌നേഹിതനായിരുന്ന മുഹമ്മദ് നാലകത്ത് എന്ന അറബി മുന്‍ഷി അറബി ഉച്ചാരണങ്ങള്‍ പഠിപ്പിച്ചു. അറബി കവി ഇമാം ബൂസ്വീരിയുടെ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചുള്ള കാവ്യമായ ബുര്‍ദ ആലപിച്ചായിരുന്നു അറബി പഠിച്ചത്. അതിലെ ശൈലികള്‍ ഓരോന്നും മുന്‍ഷി പറഞ്ഞു പരിശീലിപ്പിച്ചു.
അതിലെ വരികള്‍ ആലപിച്ചു പരിശീലിച്ചതുവഴി അറബിയക്ഷരങ്ങള്‍ നന്നായി വഴങ്ങി. അക്കാലത്ത് മാപ്പിളപ്പാട്ടുകള്‍ പാടുംമുന്നേ അറബി കാവ്യങ്ങള്‍ ആലപിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാപ്പിളപ്പാട്ടു ഗായകര്‍ക്ക് അറബി അക്ഷരശുദ്ധി നിര്‍ബന്ധമായിരുന്നു. അറബി ഉച്ചാരണത്തിന്റെ മര്‍മം അറിയുന്ന ‘തജ് വീദ്’പഠിച്ചെടുത്തതോടെ തനിക്ക് ആലാപനത്തിലെ അക്ഷര ശുദ്ധി ഉറച്ചതായി അവര്‍ പറയുമായിരുന്നു.
മാസത്തില്‍ 30 ദിവസവും പരിപാടികള്‍ അവതരിപ്പിക്കാന്‍ മാത്രം തിരക്കുകളുള്ള ഗായികയായിരുന്നു അവര്‍. 1970 മുതല്‍ തുടങ്ങിയയാത്ര ചിരകാലം ഒഴുകിനിറഞ്ഞു. കാസര്‍ക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും വേദികളിലേക്ക് ഓടിയ കാലമുണ്ട്. സ്റ്റേജില്‍നിന്ന് സ്റ്റേജിലേക്കുള്ള ഒഴുക്കായി ജീവിതം മാറി. പാടിയ പാട്ടുകളില്‍ മുക്കാല്‍ ഭാഗവും വി എം കുട്ടിക്കൊപ്പമായിരുന്നു. ഫസീല എന്ന പാട്ടുകാരിയെ രൂപപ്പെടുത്തിയതുപോലും വി എം കുട്ടിയെന്ന ഗായകനായിരുന്നു. സ്റ്റേജ് ഷോകളില്‍ പോകുമ്പോള്‍ ഇഷ്ടപ്പെട്ടു വരുന്നജനങ്ങളെ പരിഗണിക്കേണ്ട വിധവും അവരോട് സ്‌നേഹമസൃണമായി പെരുമാറേണ്ട വിധവുമെല്ലാം അദ്ദേഹം പഠിപ്പിച്ചുകൊടുത്തു.
യേശുദാസിന്റെ നേതൃത്വത്തില്‍ തരംഗിണി സ്റ്റുഡിയോയില്‍നിന്ന് നിരന്തരം കാസെറ്റുകള്‍ ഇറങ്ങിയ എണ്‍പതുകളില്‍ വിളയില്‍ ഫസീലയും വി എം കുട്ടിയും ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നു. കേരളത്തില്‍നിന്നു കടല്‍ കടന്നു ജീവിതം തേടിപ്പോയ പ്രവാസികളുടെ ലേബര്‍ ക്യമ്പുകളിലെല്ലാം ആഹ്ലാദം നിറച്ചത് ആ സ്വരമാധുരിയായിരുന്നു. രണ്ടോ മൂന്നോ വോള്യം മാപ്പിളപ്പാട്ടുകള്‍ തരംഗിണിയിലൂടെ പുറത്തുവന്നു. ഇതോടെയാണു മിക്കവാറും എല്ലാ മലയാളി വീടുകളിലും ഫസീലയും വി എം കുട്ടിയും സുപരിചിതരായത്.
വി എം കുട്ടിയുടെ നേതൃത്വത്തില്‍ യേശുദാസാണ് പാട്ടുകള്‍ കൂടുതല്‍ പാടിയതെങ്കിലും ഫസീലയും അതിന്റെ ഭാഗമായി.
പാട്ടിന്റെ ഭാഗമായി നാടുവിട്ട് പലയിടത്ത് താമസിക്കേണ്ടി വന്നപ്പോഴും പേരിലെ വിളയില്‍ കൂടെ നിന്നു. ജനിച്ചുവളര്‍ന്ന നാട് ഒരു വികാരമായിരുന്നു. പുളിക്കലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും താമസം മാറിയപ്പോഴും പയ്യന്നൂര്‍ സ്വദേശിയെ 1986-ല്‍ വിവാഹം കഴിച്ചപ്പോഴുമൊന്നും പേരിലെ വിളയില്‍ വിട്ടുപോയില്ല.
തൃക്കരിപ്പൂര്‍ സ്വദേശി ടി കെ പി മുഹമ്മദലിയെ വിവാഹം ചെയ്തതോടയാണ് പേരുമാറുന്നത്. ദുബൈയിലായിരുന്ന മുഹമ്മദലിയുടെ ഹൃദയത്തിലേക്ക് സംഗീതത്തോടൊപ്പമാണു പാട്ടുകാരിയും ചേക്കേറിയത്. ആ വര്‍ഷം തന്നെ വിളയില്‍ വല്‍സല, വിളയില്‍ ഫസീലയായി. വ്രതമെടുക്കലും നിസ്‌കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാം എത്രയോ മുമ്പ് തന്നെ കണ്ടും കേട്ടും പഠിച്ചിരുന്ന അവര്‍ ഇസ്ലാം സ്വീകരിക്കുകയായിരുന്നു.
വിളയിലുമായി എപ്പോഴും അവര്‍ക്കു നല്ല സ്‌നേഹബന്ധമായിരുന്നു. സഹോദരന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകും. നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ആ സ്വരമാധുരിക്കായി കാത്തിരിക്കും.
ഒരു കാലത്തു പ്രവാസികളാകെ ഹൃദയം നിറഞ്ഞ് ഏറ്റുവാങ്ങിയ പാട്ടുകളുടെ ഉടമയായിരുന്നു വിളയില്‍ ഫസീല. സൗദിയിലെ പ്രവാസി പ്രേക്ഷകരുടെ മുമ്പില്‍ ആദ്യമായി ഗാനമേള അവതരിപ്പിച്ച ഇന്ത്യന്‍ ഗായികയെന്ന പേര് അവര്‍ക്കു സ്വന്തമായിരുന്നു.
1982 ജനുവരി. ജിദ്ദ ബാഗ്ദാദിയയിലെ ന്യൂഡല്‍ഹി സ്ട്രീറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടഫണ്ട് ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഗാനമേളയിലെ പ്രധാന ഗായകര്‍ വി എം കുട്ടിയും വിളയില്‍ വല്‍സലയുമായിരുന്നു. ‘ഹജിന്റെ രാവില്‍ ഞാന്‍ കഅബ കിനാവ് കണ്ടു…’ എന്ന ഗാനം ഹൃദയഹാരിയായി അവിടെ അലയടിച്ചു. ആ പരിപാടിയില്‍ മുഖ്യാതിഥി അന്നത്തെ ധനകാര്യമന്ത്രിയും പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയുമായ ആര്‍ വെങ്കട്ടരാമനായിരുന്നു.
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ കണ്ണൂര്‍ വളപട്ടണത്തുകാരന്‍ ടി ടി പി അബ്ദുല്ല, ഗാനമേളയ്ക്ക് ശേഷം വി എം കുട്ടിയേയും വല്‍സലയേയും നേരിട്ടെത്തി അനുമോദിക്കുകയും മുഖ്യാതിഥിക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഞ്ചു സ്റ്റേജുകളില്‍ കൂടി പാടാന്‍ ഇവരോടാവശ്യപ്പെട്ടു. പിന്നീട് പ്രവാസ ഭൂമിയില്‍ എണ്ണമറ്റ വേദികളില്‍ അവര്‍ പാടി.
1978 ലാണ് ആദ്യ ദുബായ് യാത്ര. പ്രവാസത്തിന്റെ വേവും ചൂടും അനുഭവിക്കുന്ന മലയാളികള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ അവര്‍ പാടി.’കടലിന്റെയിക്കരെ വന്നോരെ, ഖല്‍ബുകള്‍ വെന്ത് പൊരിഞ്ഞോരേ, തെങ്ങുകള്‍ തിങ്ങിയ നാടിന്റെയോര്‍മയില്‍ നിങ്ങടെ കഥ പറയൂ’. പി ടി അബ്ദുറഹ് മാന്‍ രചിച്ച അക്കാലത്തെ പ്രവാസികളുടെ ക്ലേശജീവിതത്തിന്റെ കണ്ണീര്‍ വീണ ഈ പാട്ട് ആയിരങ്ങളാണ് ഏറ്റെടുത്തത്.
തിരൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനവേദിയില്‍, ‘വരികയായി ഞങ്ങള്‍ വരികയായി.. വിപ്ലവത്തിന്‍ കാഹളം മുഴക്കാന്‍… ‘ എന്ന പാട്ട് പാടിയപ്പോള്‍ വേദിയിലുണ്ടായിരുന്ന എ കെ ജി ഓടിവന്ന് അനുമോദിച്ചത് ഫസീല അഭിമാനപൂര്‍വം ഓര്‍ക്കുമായിരുന്നു. അഴീക്കോടന്‍ രാഘവനായിരുന്നു അന്ന് തന്നെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറ്റിയതെന്നും അവര്‍ ഓര്‍ക്കുമായിരുന്നു.
വി എം കുട്ടി രചിച്ച ‘കിരി കിരീ ചെരുപ്പുമ്മേല്‍ അണഞ്ഞുള്ള പുതുനാരി..’ എന്ന പാട്ടായിരുന്നു ആദ്യമായി വിളയില്‍ ഫസീല പാടി റെക്കാര്‍ഡ് ചെയ്തത്. പി ടി അബ്ദുറഹ്മാന്‍ രചിച്ച ‘ആമിനാബീവിക്കോമന മോനെ..’ എന്ന രണ്ടാമതിറങ്ങിയ ഗ്രാമഫോണ്‍ റെക്കാര്‍ഡിലെ പാട്ട് മലബാറിലാകെ തരംഗമായി.
വിളയില്‍ വല്‍സലയെന്ന നാമം മലബാറിലാകെ പ്രചരിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. നൂറുക്കണക്കിന് വിവാഹങ്ങളിലെ ഗാനമേളകളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി.
ഏറനാട്ടിലെ ഉമ്മമാരുടെ ചുണ്ടുകളില്‍ വിളയില്‍ വല്‍സലയുടെ പാട്ടിന്റെ മധുരം തങ്ങി നിന്നു. റേഡിയോകളിലും ഗ്രാമഫോണുകളിലും പിന്നീട് കാസറ്റുകളിലും വി എം കുട്ടി – വല്‍സല കൂട്ട്കെട്ട് സംഗീത വിപ്ലവം സൃഷ്ടിച്ചു.
1982 ല്‍ യേശുദാസിനോടൊപ്പം പാട്ട് റെക്കോര്‍ഡ് ചെയ്തത് തന്റെ ജീവിതത്തിലെ അമൂല്യസംഭവമായി ഫസീല പറയുമായിരുന്നു. ദാസേട്ടന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ ലഭിച്ച അപൂര്‍വ അവസരത്തെ അനുഗ്രഹീത ഗായിക എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു. ബാപ്പു വെള്ളിപ്പറമ്പ് രചിച്ച ‘ഹസ്ബീ റബ്ബീ സല്ലല്ലലാഹ്… ‘ എന്ന പാട്ടിന്റെ റെക്കാര്‍ഡിംഗിനായിരുന്നു ആദ്യമായി അവര്‍ യേശുദാസിനു മുന്നിലെത്തിയത്.
പിന്നീട് കെ എസ് ചിത്രയോടൊപ്പവും പാടാന്‍ അവസരമുണ്ടായി. എം എസ് ബാബുരാജിനോടൊപ്പം പാടാന്‍ ലഭിച്ച അവസരവും വിളയില്‍ ഫസീലയെന്ന ഗായികയുടെ ജീവിതത്തിലെ അനശ്വര മുഹൂര്‍ത്തമായിരുന്നു.
മണ്ണില്‍ മുഹമ്മദ് നിര്‍മിച്ച ഐ വി ശശിയുടെ 1921 എന്ന സിനിമയില്‍ ‘മണവാട്ടി കരം കൊണ്ട് മുഖം മറച്ച് ഫിര്‍ദൗസിലടുക്കുമ്പോള്‍’ എന്ന ഗാനം മൂസ എരഞ്ഞോളിയുമൊത്ത് ഫസീല ആലപിച്ചു. എ ടി അബു സംവിധാനം ചെയ്ത മൈലാഞ്ചി എന്ന പടത്തില്‍ ഫസീല പാടിയ ‘കൊക്കരക്കൊക്കര കോയിക്കുഞ്ഞേ, ചക്കരമാവിലെ തത്തപ്പെണ്ണേ.. ‘എന്ന പാട്ടും പ്രസിദ്ധമായി.
അവരുടെ സ്വരമാധുരി ഇന്നും യു ട്യൂബിലൂടെ ഹൃദയങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഏത് തലമുറയിലേയും ആസ്വാദകരുടെ മനം കവരുന്നതാണ് അവരുടെ ആലാപനം.
നിരവധി നാടകഗാനങ്ങളും അവര്‍ ആലപിച്ചു.1981 ല്‍ മാപ്പിള കലാരത്‌നം അവാര്‍ഡ് ഈ ഗായികയെത്തേടിയെത്തി.
ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡും മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങളും നേടി. എന്നാല്‍ വിളയില്‍ ഫസീലയെന്ന ഈ മഹാഗായികയെ കലാകേരളം വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു