Connect with us

Kuwait

പള്ളി മുറ്റങ്ങളിലെ നോമ്പ് തുറ; അംഗീകാരം നല്‍കി ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം

മഗ്‌രിബ് ബാങ്കിന് അര മണിക്കൂര്‍ മുമ്പ് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കിയ മേശകള്‍ സജ്ജീകരിക്കാനും നിസ്‌കാര ശേഷം അവയെല്ലാം നീക്കം ചെയ്യാനുമാണ് നിര്‍ദേശം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ പള്ളി മുറ്റങ്ങളില്‍ ഈ വര്‍ഷം നോമ്പ് തുറ ഒരുക്കുന്നതിനു ചില നിയന്ത്രണങ്ങളോടെ ഔകാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അനുവാദം നല്‍കി. ഇഫ്താര്‍ ഒരുക്കുന്നവര്‍ അംഗീകാരത്തിനായി പള്ളി ഇമാമുമാരുമായി ഏകോപിച്ച് ഓരോ ഗവര്‍ണറേറ്റിലെയും പള്ളികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് ഔദ്യോഗിക കത്ത് നല്‍കണം. മഗ്‌രിബ് ബാങ്കിന് അര മണിക്കൂര്‍ മുമ്പ് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കിയ മേശകള്‍ സജ്ജീകരിക്കാനും നിസ്‌കാര ശേഷം അവയെല്ലാം നീക്കം ചെയ്യാനുമാണ് നിര്‍ദേശം.

അതേസമയം, നേരത്തെ ഉണ്ടായിരുന്നത് പോലുള്ള ടെന്റ്റുകള്‍ പള്ളികള്‍ക്കരികില്‍ നിര്‍മിക്കുന്നത് വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് പള്ളികളുടെ ചുവരുകള്‍ക്കു സമീപമുള്ള റമസാന്‍ ടെന്റുകളിലേക്ക് പള്ളിയുടെ വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്നതിനും പൂര്‍ണമായ വിലക്കുണ്ട്. ഈ ടെന്റുകള്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിന് വിധേയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിശുദ്ധ റമസാനോടനുബന്ധിച്ച് 11 അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില സ്ഥിരത നിലനിര്‍ത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഉത്പന്നങ്ങളുടെ മേല്‍നോട്ടം, അവയുടെ വില നിശ്ചയിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശക സമിതി കൃത്യമായ ഇടപെടലാണ് നടത്തി വരുന്നത്.

കഴിഞ്ഞ ദിവസം ശുവൈക് ഏരിയയില്‍ വില നിരീക്ഷണസംഘം നടത്തിയ പരിശോധനയില്‍ കാപ്പി, ഏലം, കുംങ്കുമപ്പൂവ്, ഈത്തപ്പഴം തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. 2024-ലെ അഡ്മിനിസ്േ്രടറ്റീവ് റീവാല്വേഷന്‍ നമ്പര്‍ (108) പ്രകാരം സ്ഥാപിതമായ നിരീക്ഷണ സംഘത്തിന് സെന്ററല്‍ മാര്‍ക്കറ്റുകള്‍, സഹകരണ സംഘങ്ങള്‍, മറ്റു ഭക്ഷ്യ ഔട്ട് ലെറ്റുകള്‍ എന്നിവയിലെ ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന്റെ ചുമതലയാണുള്ളത്.

ജനുവരി 29 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സംഘത്തിന്റെ രണ്ട് മാസത്തെ പ്രവര്‍ത്തന കാലയളവില്‍ വില നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും അന്യായമായ വിലക്കയറ്റം തടയുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

 

 

 

Latest