Ramzan
അപകടത്തിൽപ്പെട്ടവരോടൊപ്പം റോഡിലെ നോമ്പുതുറ
നോമ്പുകാലത്തെ ഔദ്യോഗിക ജീവിതത്തിലെ പല അനുഭങ്ങളും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. 2014 മലപ്പുറം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന സമയം. വാഴക്കാട് അഴിഞ്ഞിലം പോലീസ് എയ്ഡ് പോസ്റ്റിൽ വാഹനാപകടത്തെ തുടർന്ന് പരിശോധന കഴിഞ്ഞ് തിരിച്ചുപോരുകയായിരുന്നു. സമയം 5.45 ആയിട്ടുണ്ട്. അന്ന് ഏകദേശം 6.10നാണ് മഗ്‌രിബ് ബാങ്ക്. നോമ്പുതുറക്കാനുള്ള കാരക്കയും വെള്ളവും ഞങ്ങൾ എന്നും വാഹനത്തിൽ കരുതാറുണ്ട്. തിരിച്ചുപോരുമ്പോൾ ദേശീയപാതയില്‍ ഐക്കരപ്പടിക്ക് ശേഷം ഞങ്ങളുടെ മുന്നിൽ വെച്ചാണ് ഒരു ടെമ്പോ ട്രാവലറും ചെങ്കല്ല് ലോറിയും കൂട്ടിയിടിച്ചത്. നോമ്പുതുറ സമയത്തിന് മുമ്പുള്ള പരക്കംപാച്ചിലായിരുന്നു കാരണം.
വടകര ഭാഗത്തുള്ള ഒരു കുടുംബമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. കുട്ടികളടക്കമുള്ള പലർക്കും നേരിയ പരുക്കുകളുണ്ട്. പ്രഥമശുശ്രൂഷക്ക് ശേഷം ആവശ്യമായവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കിയപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചിട്ടുണ്ടായിരുന്നു. ടെമ്പോ ട്രാവലറിലുള്ള കുടുംബം നോന്പ് തുറക്കുള്ള വസ്തുക്കളെല്ലാം വാഹനത്തിൽ കരുതിയിട്ടുണ്ട്. ഞങ്ങളും നോമ്പുകാരാണെന്നറിഞ്ഞ അവർ ഞങ്ങൾക്കും നോമ്പുതുറക്കാനുള്ള സൗകര്യം ചെയ്തുതന്നു. ദേശീയപാതയരികിൽ ഞങ്ങൾ ഒന്നിച്ചിരുന്ന് നോമ്പുതുറന്നു.
അതെല്ലാം കഴിഞ്ഞ് അവർക്ക് നാട്ടിലേക്ക് പോകാൻ മറ്റൊരു വാഹനം ഏർപ്പാട് ചെയ്തുകൊടുത്തു.
അഹമ്മദ്ക്ക എന്നായിരുന്നു ആ കുടുംബനാഥന്റെ പേര് പിന്നീട് ഏറെക്കാലം ഞാൻ അവരുമായി ടെലഫോണിൽ ബന്ധം തുടർന്നിരുന്നു. പാലക്കാട് മലമ്പുഴ ഗവ. ഐ ടി ഐയിൽ 10 വർഷം ഇൻസ്ട്രക്‌റായി ജോലി ചെയ്തിട്ടുണ്ട്.
അന്ന് റമസാനിൽ ഞങ്ങൾ നോമ്പുതുറന്നിരുന്നത് മലമ്പുഴ മന്തക്കാട് ജുമുഅ മസ്ജിദിൽ നിന്നാണ്. അവിടത്തെ നോമ്പുതുറ ഒന്ന് വേറെ തന്നെയാണ്. പ്രത്യേക തരം കഞ്ഞിയാണ് വിഭവം. പച്ചക്കറിയും മല്ലിയിലയും മറ്റും ചേർത്തുണ്ടാക്കിയ ഒരു തരം ഔഷധക്കഞ്ഞി.
വൈകുന്നേരത്തോടെ മഹല്ലിലെ എല്ലാ വീട്ടുകാരും വന്ന് കഞ്ഞി വാങ്ങിക്കൊണ്ടുപോകും. പള്ളിയിലെത്തുന്നവർക്ക് അടുത്തുള്ള മദ്‌റസയിൽ നോമ്പുതുറക്കാനുള്ള സൗകര്യമുണ്ടാകും.
ഐ ടി ഐയിലെ ജീവനക്കാരായ ഞങ്ങൾ 10 വർഷവും ഇവിടെ നിന്നാണ് നോമ്പ് തുറന്നിരുന്നത്. നോമ്പുതുറന്ന് ആ കഞ്ഞി കുടിച്ചാൽ പിന്നെ ഒരു ഭക്ഷണവും ആവശ്യമുണ്ടാകില്ല. അത്രക്കും സംതൃപ്തിയാണ് ഉണ്ടാകുക.
കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടിൽനിന്ന് നോന്പ് തുറക്കാനായിരുന്നു ഏറെ ഇഷ്ടം. പഴയകാലത്തെ കൂട്ടുകുടുംബ വ്യവസ്ഥ പാലിച്ചുപോന്നിരുന്ന കുടുംബമായിരുന്നു അത്. രാവിലെ തന്നെ പത്തിരിയുടെ പണി തുടങ്ങും.
പത്തിരിക്കുള്ള “വട്ട് ‘ ഉണ്ടാക്കേണ്ട ചുമതല കുട്ടികളായ ഞങ്ങൾക്കായിരുന്നു. പത്തിരി ചുട്ട് കഴിഞ്ഞ് കുട്ടയിൽ വെക്കും.
വലിയുപ്പ കാരക്ക പിച്ചാകത്തി കൊണ്ട് ചീന്തി പല ചീളുകളാക്കി വെക്കും. നോമ്പുനോറ്റവർക്ക് മാത്രമേ കാരക്ക ചീന്ത് കിട്ടുകയുള്ളൂ. അന്ന് കാരക്ക ചീന്ത് കിട്ടാൻ വേണ്ടി മാത്രം നോന്പ് നോൽക്കുന്നവരായിരുന്നു കുട്ടികളായ ഞങ്ങൾ.
തയ്യാറാക്കിയത്:
ഹമീദ് തിരൂരങ്ങാടി