aathmeeyam
ലഹരിയുടെ മാരകക്കാഴ്ചകൾ
പ്രബുദ്ധ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളില്‍ നിന്നും അനുദിനം ഉയർന്നുവരുന്ന ലഹരി വാർത്തകൾ അത്യധികം വേദനാജനകവും ലജ്ജാകരവുമാണ്.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മികവ് പുലർത്തുകയും അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ഏറെ ഇഷ്പ്പെടുകയും ചെയ്ത ഒരു വിദ്യാർഥി. മാതാപിതാക്കൾക്കിടയിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പരിണിത ഫലമായി അവർ വേർപിരിഞ്ഞതോടെ ഒറ്റപ്പെടുകയും പാർക്കുകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം കറങ്ങിനടക്കുകയും ഒടുവിൽ പഠനം മുടങ്ങുകയും ചെയ്തു. കറക്കത്തിനിടയിൽ പരിചയപ്പെട്ട യുവാവിന്റെ കെണിവലയിൽ അകപ്പെട്ടതോടെ വീട്ടുകാരിൽ നിന്ന് കിട്ടാത്ത വ്യാജ സ്നേഹവും കരുതലും പ്രഥമ ഘട്ടത്തിൽ ലഭിച്ചു. ഒറ്റപ്പെടലിന് ആശ്വാസമായി അയാൾ നൽകിയ മയക്കുമരുന്നുകൾ പതിയെ അവനെ അടിമയാക്കി. ലഹരി വസ്തുക്കൾ വാങ്ങാൻ പണം അനിവാര്യമായി വന്നതോടെ വരുമാനം കണ്ടെത്തുന്നതിനു വേണ്ടി മോഷണവും ലഹരി വിൽപ്പനയും തൊഴിലാക്കി മാറ്റി. അങ്ങനെ നാട്ടിലെ ഒന്നാം തരം ക്രിമിനൽ ആയി മാറുകയും നിരവധി കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുകയുംചെയ്തു. സമാനമായ നിരവധി ലഹരി കേസുകളാണ് ദിനേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പതിനാറ് വയസ്സുള്ള പയ്യനെ കല്ലെറിഞ്ഞും കോടാലി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത് സമപ്രായക്കാരായ കൂട്ടുകാരാണ്. ലഹരിയായിരുന്നു ഈ അരുകൊലയിലേക്ക് അവരെ നയിച്ചത്. കഴിഞ്ഞ ദിവസം ബീച്ചിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീയോട് സൗഹൃദം സ്ഥാപിച്ചു ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ചതും അമ്മൂമ്മയുടെ കഴുത്തറുത്ത് കൊന്നതും ഈയിടെയാണ്. അഞ്ച് വയസ്സുകാരിയെ ക്രൂര മായി ലൈംഗിക പീഡനത്തിന് ഇരയാക്കി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാലിന്യ കൂമ്പാരത്തിൽ തള്ളിയതിന്റെ പിന്നിലെ വില്ലനും ലഹരി തന്നെയാണ്. ഇങ്ങനെ പ്രബുദ്ധ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളില്‍ നിന്നും അനുദിനം ഉയർന്നുവരുന്ന ലഹരി വാർത്തകൾ അത്യധികം വേദനാജനകവും ലജ്ജാകരവുമാണ്.
വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെയും കുടുംബ കലഹങ്ങളുടെയും ദാമ്പത്യത്തകര്‍ച്ചയുടെയും മുഖ്യ ഹേതു മദ്യവും മയക്കുമരുന്നും തന്നെയാണ്. കൊച്ചുകലാലയങ്ങൾ വരെ ലഹരി മാഫിയകൾ കൈയടക്കിയിരിക്കുന്നു. മദ്യം, കഞ്ചാവ്, കറുപ്പ്, കൊക്കെയിന്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തടിന്‍, എം ഡി എം എ തുടങ്ങി നിരവധി ലഹരി വസ്തുക്കളാണ് ഇന്ന് നിര്‍ബാധം ഒഴുകുന്നത്. കേവലം സൗഹൃദത്തിനു വേണ്ടിയോ തമാശയായോ ലഹരി ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി ലഹരിയുടെ ആസക്തിയിലേക്ക് നീങ്ങുന്നു. അങ്ങനെ ലഹരി വസ്തുക്കളുടെ സഹായമില്ലാതെ ശാരീരികമായും മാനസികമായും ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ സാധിക്കാതെ വരികയും ലഹരി വാങ്ങുന്നതിന് ഏതു വിധേനയും പണം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴികൾ തേടുകയും ചെയ്യുന്നു. ആഗോള ലഹരി ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിൽ, സംസ്ഥാനത്തിന്റെ തനത് പാനീയമായി കള്ളിനെ മഹത്വവത്കരിച്ച് കൂടുതൽ പേരെ അതിലേക്ക് ആകർഷിപ്പിക്കാനും മദ്യത്തിന്റെ കയറ്റുമതി വർധിപ്പിച്ച് തൊഴിലവസരങ്ങളും വരുമാന മാർഗങ്ങളും സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ലഹരിമാഫിയകൾക്ക് വളംവെക്കുകയാണ് ചെയ്യുക.
ലഹരിയിലെ മാരക വിഷപദാർഥങ്ങൾ ഗുരുതരമായ ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഓർമശക്തി കുറയുക, ഏകാഗ്രത നഷ്ടപ്പെടുക, രക്തസമ്മർദമുണ്ടാവുക, കിഡ്‌നി, ലിവർ, മസ്തിഷ്‌കം, ശ്വാസകോശം, അന്നനാളം, ആമാശയം, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രവർത്തനങ്ങൾ ക്ഷയിക്കുക, പ്രത്യുത്പാദന ശേഷി നഷ്ടപ്പെടുക, ലൈംഗിക ശേഷി കുറയുക എന്നിവയെല്ലാം ലഹരി ഉപയോഗത്തിന്റെ അനന്തര ഫലങ്ങളാണ്. ലഹരിക്കെതിരെ ശക്തമായ നിലപാടുള്ള മതമാണ് ഇസ്‌ലാം. ഒരു സൂക്തത്തിൽ ഇങ്ങനെ കാണാം : “നിശ്ചയം പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും സ്രഷ്ടാവിനെ ഓര്‍ക്കുന്നതില്‍നിന്നും നിസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?’ (മാഇദ: 91). മത്തു പിടിപ്പിക്കുന്ന എല്ലാ പദാര്‍ഥങ്ങളും നിഷിദ്ധമാണെന്നാണ് പ്രവാചക പാഠം. ഇബ്‌നു ഉമർ(റ) റിപ്പോർട്ട് ചെയ്യുന്നു: “ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധവുമാണ്.’ (ബുഖാരി)